പാലാ: പാലാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ നാലാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയായ മണ്ഡലം തല പര്യടനത്തിന് നാളെ തുടക്കമാകും. 31 വരെയാണ് പര്യടന പരിപാടി. പാലായിലെ എല്ലാ പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലും ഈ ദിവസങ്ങളിൽ പര്യടനം നടത്തും.ഇന്നലെ മാണി.സി കാപ്പൻ വിവിധ കേന്ദ്രങ്ങളിൽ ഭവന സന്ദർശനവും സ്ഥാപന സന്ദർശനവും നടത്തി. മുത്തോലി, തലനാട് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച മണ്ഡലം കൺവൻഷനിലും പങ്കെടുത്തു. പാലായിൽ സംഘടിപ്പിച്ച വനിതാ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

കഴിഞ്ഞ 16 മാസങ്ങൾ കൊണ്ട് പാലായിൽ നടപ്പാക്കിയ വികസന പദ്ധതികളും ക്ഷേമപദ്ധതികളും പരിപാടികളിൽ വിശദീകരിച്ചു. കട്ടക്കയം കുഞ്ഞമ്മ ടവറിൽ പുതുതായി ആരംഭിച്ച ജനതാ മെഡിക്കൽസിന്റെ ഉദ്ഘാടനവും മാണി സി കാപ്പൻ നിർവഹിച്ചു.