gfds

കോട്ടയം: ജാതിവിവേചനത്തിന് സത്യഗ്രഹത്തിലൂടെ മറുപടിപറഞ്ഞ വൈക്കത്തിന്റെ വിപ്ലവ മണ്ണ് ഇത്തവണ സാക്ഷിയാകുന്നത് പെൺപടയുടെ പോരിന്. നിലവിലെ എം.എൽ.എയും, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും, നഗരസഭ മുൻ അദ്ധ്യക്ഷയുമാണ് നേർക്കുനേർ പൊരുതുന്നത്. ഇതുവരെ ചുവപ്പിനെ മാത്രം നെഞ്ചോട് ചേർത്ത പാരമ്പര്യമാണ് വൈക്കത്തിന്. എന്നാൽ പെൺപടയുടെ പോരാട്ടത്തിൽ എന്തും മാറിമറിയാം എന്ന അവസ്ഥയാണിപ്പോൾ.1977 മുതൽ സംവരണ മണ്ഡലമായ വൈക്കത്ത് നിലവിലെ എം.എൽ.എ സി.കെ. ആശ തന്നെയാണ് ഇക്കുറിയും അരിവാളും നെൽക്കതിരും അടയാളത്തിൽ എൽ.ഡി.എഫിനായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ 24,584 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ആശയുടെ വിജയം. സി.പി.ഐ ജില്ലാ കൗൺസിൽ അംഗമായ ആശ ബിരുദധാരിയാണ്. എ.വൈ.വൈ.എഫ് സംസ്ഥാന കൗൺസിൽ അംഗമായിരുന്ന ആശ, സെന്റ് സേവേഴ്സ് കോളേജ് ചെയർപേഴ്സണുമായിരുന്നു.

അഞ്ചു വർഷം കോട്ടയം നഗരസഭയ്‌ക്ക് നേതൃത്വം നൽകിയ ശേഷമാണ് ഡോ. പി.ആർ. സോന വൈക്കത്ത് കൈപ്പത്തി ചിഹ്നത്തിൽ യു.ഡി.എഫിനായി കളത്തിലിറങ്ങിയത്. കോട്ടയം നഗരസഭ അംഗംകൂടിയായ സോനയ്‌ക്ക് മലയാളത്തിൽ പി.എച്ച്.ഡിയുമുണ്ട്. കെ.പി.സി.സി സെക്രട്ടറിയുമാണ്. കോട്ടയം എസ്.എച്ച് മൗണ്ടിലാണ് താമസം.

ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന അജിത സാബുവാണ് എൻ.ഡി.എയ്‌ക്കായി ഹെൽമറ്റ് ചിഹ്നത്തിൽ മത്സരിക്കുന്നത്. മണ്ഡലത്തിലുടനീളം ബന്ധങ്ങളുള്ളതുകൊണ്ടാണ് കോൺഗ്രസ് വിട്ടെത്തിയ അജിതയ്‌ക്ക് ബി.ഡി.ജെ.എസ് വൈക്കം സീറ്റ് നൽകിയത്. 1996ൽ വൈക്കത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായി അജിതയുടെ പിതാവ് സി.എ. തങ്കച്ചൻ മത്സരിച്ചിരുന്നു. 2000 മുതൽ 2010 വരെ ഏറ്റുമാനൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി അജിത വിജയിച്ചിരുന്നു. ഒരു ടേം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി.


ആരോഗ്യകരമായ മത്സരം

'ആരോഗ്യകരമായ മത്സരമാണ് വൈക്കത്ത് നടക്കുന്നത്. ഞങ്ങൾ മൂന്നു പേരും തമ്മിൽ പരിചയമുണ്ട്. തുടർഭരണവും വൈക്കത്തെ വിജയവും ഉറപ്പാണ്".
- സി.കെ. ആശ, എൽ.ഡി.എഫ്


പുതിയ അനുഭവം

'വനിതാ സംവരണ വാർഡുകളാണ് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും മത്സരിച്ചത്. ജനറൽ വിഭാഗം സീറ്റിൽ വനിതാ ചെയർപേഴ്സണായി അഞ്ചു വർഷം ഇരിക്കാനും സാധിച്ചു. ഇത് വലിയൊരു അനുഭവമാണ്. മൂന്നു സ്ഥാനാർത്ഥികളും വനിതകളാണെന്നത് കോൺഗ്രസിന്റെ വിജയത്തെ ബാധിക്കില്ല".

- ഡോ. പി.ആർ. സോന, യു.ഡി.എഫ്

രസകരമായ മത്സരം

മൂന്നു വനിതകൾ ഒരുമിച്ച് മത്സരിക്കുന്നതിൽ കൗതുകമുണ്ട്. എങ്കിലും മത്സരത്തിന്റെ വീര്യം കുറയുന്നില്ല. വിജയം തന്നെയാണ് ലക്ഷ്യം".

- അജിത സാബു, എൻ.ഡി.എ