a

കോട്ടയം: സമയം രാവിലെ 10.30, എം.സി റോഡിലെ ചിങ്ങവനം ജംഗ്ഷൻ പതിവ് ഗതാഗതക്കുരുക്കിലും ചൂടിലും അമരുകയാണ്. അതെല്ലാം മറന്ന് കോട്ടയം മണ്ഡലത്തിലെ പ്രവർത്തകരെല്ലാമുണ്ട്. ആ കാത്തിരിപ്പ് അവസാനിക്കാൻ ഒരു മണിക്കൂർ കൂടി വേണ്ടിവന്നു. പൊടുന്നനെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അകലെ പ്രത്യക്ഷപ്പെട്ടു. ആവേശം അണപൊട്ടിയ അന്തരീക്ഷത്തിൽ കാറിന്റെ മുകൾഭാഗം തുറന്ന് എഴുന്നേറ്റുനിന്ന രാഹുൽ പ്രവർത്തകരെ കൈവീശിയും ചിരിച്ചും അഭിവാദ്യം ചെയ്‌തു.

ത്രിവർണപതാക ഉയർത്തിയും ബലൂണുകൾ പറത്തിയും ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് പ്രിയനേതാവിനോടുള്ള സ്നേഹം പ്രവർത്തകർ പങ്കുവച്ചു. കാറിൽ നിന്നിറങ്ങിയ രാഹുലിനെ ആൾക്കൂട്ടം പൊതിഞ്ഞപ്പോഴും സഹിഷ്ണുതയോടെ എല്ലാവർക്കുമൊപ്പം ചേർന്നുനിന്നു. തൊട്ടും തലോടിയും സെൽഫിയെടുത്തും നാടുമുഴുവൻ രാഹുലിനൊപ്പമലിഞ്ഞു.

ചിങ്ങവനത്ത് നിന്ന് അകമ്പടി വാഹനവും അനൗൺസ്‌മെന്റ് വാഹനവും ഇടറോഡിലേക്ക് തിരിഞ്ഞതോടെ രാഹുലിന്റെ ജില്ലയിലെ റോഡ് ഷോയ്‌ക്കു തുടക്കം. ആ വരവ് കാണാൻ ഇരുവശങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കം നിരന്നു. വെയിലിനെ അവഗണിച്ച് കാറിന് മുകളിൽ നിലയുറപ്പിച്ച രാഹുൽഗാന്ധി ഇരുവശങ്ങളിലേക്കും കൈവീശി.

 പരുത്തുംപാറ ജംഗ്ഷൻ

പരുത്തുംപാറയിലെത്തിയപ്പോൾ പടക്കത്തിന് തിരികൊളുത്തി. മുദ്രാവാക്യം വിളികൾക്കൊപ്പം പടക്കത്തിന്റെയും വാദ്യമേളങ്ങളുടേയും ശബ്ദം ഇഴചേർന്നു. നാട് ഇന്നുവരെ കാണാത്ത ആഘോഷത്തിലേക്കായിരുന്നു മാസ് എൻട്രി. പ്രസംഗവേദിയിലേക്ക് രാഹുൽ കയറിയപ്പോഴേക്കും എം.എൽ.എമാരായ ഉമ്മൻചാണ്ടിയും തിരുവഞ്ചൂരും എത്തിയിരുന്നു.

തൊട്ടുമുന്നിൽ അച്ഛന്റെ തോളിലിരുന്ന് ആവേശത്തോടെ മുദ്രാവാക്യം വിളിച്ചിരുന്ന പെൺകുട്ടിയെ വേദിയിലേക്ക് വിളിച്ചായിരുന്നു രാഹുൽ പ്രസംഗം ആരംഭിച്ചത്. തൊഴിലില്ലായ്‌മ മുതൽ റബർ വിലയിടിവ് വരെ ചൂണ്ടിക്കാട്ടിയുള്ള രാഹുലിന്റെ ഓരോ വാക്കുകളും മുദ്രാവാക്യങ്ങളോടെയാണ് നാട്ടുകാർ നെഞ്ചേറ്റിയത്. പുറത്തേക്കിറങ്ങിയ രാഹുൽ എല്ലാവരെയും ഞെട്ടിച്ചു. വേദിക്ക് പിന്നിലുള്ള ചാലുവേലിൽ നിബുവിന്റെ വീട്ടുമുറ്റത്തേക്ക് നടന്നു. അപ്രതീക്ഷിതമായി പ്രിയ നേതാവെത്തിയപ്പോൾ വീട്ടുകാരും അമ്പരന്നു. കുശലം പറഞ്ഞ് വീട്ടിൽ കയറി മുഖംകഴുകി തിരികെ വന്ന രാഹുൽ പുതുപ്പള്ളിയിലേക്ക് യാത്ര തുടർന്നു.

പുതുപ്പള്ളി വഴി മണർകാട്ടെ സ്വീകരണ സ്ഥലത്തേക്കുള്ള യാത്രയിലും കുട്ടികളും മുതിർന്നവരും കോളേജ് വിദ്യാർത്ഥികളും പ്രിയനേതാവിനെ കാണാൻ വഴിയിലുണ്ടായിരുന്നു. 'ഐ ലവ് യു രാഹുൽ" എന്നെഴുതിയ പ്ളക്കാർഡുകൾ ഉയർത്തി കാത്തുനിന്നു ഉമ്മൻചാണ്ടിയുടെ നാട്ടുകാർ. ഉമ്മൻചാണ്ടിയുടെ പ്രസരിപ്പും അനുഭവപരിചയവും വാനോളം പുകഴ്‌ത്തി രാഹുൽ കളംപിടിച്ചു. നീണ്ട പ്രസംഗം അവസാനിപ്പിച്ച് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പൊൻകുന്നത്തേക്ക് കുതിക്കുമ്പോഴും റോഡിന്റെ ഇരുവശവും പ്രിയനേതാവിനായുള്ള കാത്തിരിപ്പിലായിരുന്നു.

 പൂക്കളുമായി കന്യാസ്ത്രീകൾ

പൊൻകുന്നത്തെ ചടങ്ങ് കഴിഞ്ഞ് പാലാ റോഡിലേക്ക് കയറുമ്പോൾ വ്യാകുലമാതാ പള്ളിക്ക് മുന്നിൽ കന്യാസ്ത്രീകൾ പൂക്കളുമായി കാത്തുനിൽപ്പുണ്ടായിരുന്നു. ചാടിയിറങ്ങിയ രാഹുൽ ഓരോരുത്തരോടും വിശേഷം തിരക്കി. പൂക്കൾ വാങ്ങി യാത്ര പറഞ്ഞു. വാഹനം കുമ്പാനിയിലെത്തിയപ്പോഴായിരുന്നു മറ്റൊരു സർപ്രൈസ്. പഴയ അംഗരക്ഷകനും സി.ആർ.പി.എഫ് ഡി.ഐ.ജിയുമായ തോപ്പിൽ ടി.ജെ. ജേക്കബ് കാണാനെത്തി. അഞ്ചു മിനിറ്റ് നീണ്ട സൗഹൃദസംഭാഷണം അവസാനിപ്പിച്ച് മാണി സി. കാപ്പന് വോട്ടുറപ്പിക്കാനുള്ള പാലായിലെ ജനസമുദ്രത്തിലേക്ക്.

 കരിക്കും ചിക്കനും

പാലായിലെ വേദിക്ക് സമീപത്തെ ഹോട്ടലിലായിരുന്നു ഉച്ചഭക്ഷണം. കരിക്ക് കുടിച്ചായിരുന്നു തുടക്കം. പിന്നെ ഗ്രിൽഡ് ചിക്കനും ബിരിയാണി റൈസും. എല്ലാം കഴിഞ്ഞ് ഫ്രൂട്സലാഡും ആസ്വദിച്ചു കഴിച്ചു. നാലോടെ ഉഴവൂരിലെത്തി പിറവത്തേക്ക് കുതിക്കുമ്പോഴും പ്രിയനേതാവിന്റെ ചിത്രം നെഞ്ചോടു ചേർത്തും മുദ്രാവാക്യം നീട്ടിവിളിച്ചും പ്രവർത്തകർ ആവേശത്തിലായിരുന്നു.