election

കോട്ടയം: പത്രിക പിൻവലിക്കലും കഴിഞ്ഞു, ചിഹ്നവും നിശ്ചയിച്ചു. ഒമ്പതു മണ്ഡലങ്ങളിലായി 66 സ്ഥാനാർത്ഥികളും നിരന്നു. തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ മാർച്ചു മാസത്തെ വെല്ലുന്ന തീപാറും പോരാട്ട ചൂടിലായി മണ്ഡലങ്ങൾ .

ജോസ് കെ. മാണിയും മാണി സി. കാപ്പനും ഇഞ്ചോടിഞ്ചു പോരാടുന്ന പാലായിലാണ് കൂടുതൽ സ്ഥാനാർത്ഥികൾ. പതിനൊന്ന് പേർ. കുറവ് കാഞ്ഞിരപ്പള്ളിയിലും: അഞ്ച്. പൂഞ്ഞാറും ഏറ്റുമാനൂരും ചതുഷ്ക്കോണമത്സരത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ മണ്ഡലങ്ങളായി.

വി.വി.ഐ.പി. പടയാണ് ഇതിനകം വന്നു പോയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇടതു മുന്നണി ക്യാപ്ടനായി അരഡസനോളം മണ്ഡലങ്ങളിൽ ഒരു പകൽ നീണ്ട ഓട്ട പ്രദക്ഷിണത്തിലൂടെ കോട്ടയത്തെ ഇളക്കി മറിച്ചു. ഇന്നലെ രാഹുൽ ഗാന്ധി വിവിധ മണ്ഡലങ്ങളിൽ നടത്തിയ റോഡ് ഷോയിലൂടെ ജനങ്ങളുടെ മനസ് കവർന്നു. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രചാരണാർത്ഥം പൊൻകുന്നത്ത് എത്തും. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും അടുത്ത ദിവസം എത്തുന്നുണ്ട്. മറ്റു പ്രമുഖ നേതാക്കളും സിനിമാ താരങ്ങളുമൊക്കെ വരും ദിവസങ്ങളിൽ വരാം.

എല്ലാ സ്ഥാനാർത്ഥികളും നാടിളക്കിയുള്ള മണ്ഡല പര്യടനം ആരംഭിച്ചു . തിരഞ്ഞെടുപ്പ് കമ്മിഷന്റെ പിടി വീഴാതിരിക്കാൻ സ്ഥാനാർത്ഥിയുടെ വാഹനത്തിന് അകമ്പടിക്കായി ഇരു ചക്രവാഹനങ്ങളാണ് കൂടുതൽ ഉപയോഗിക്കുന്നത്. ചുവരെഴുത്തുകൾ കഴിഞ്ഞു. പല തരം പോസ്റ്ററുകൾ ഇറങ്ങി. പ്ലാസ്റ്റിക് ഫ്ലക്സ് ബോർഡുകൾ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ ഫ്ലക്സ് ബോർഡുകളാക്കി.

കോടതി വിധിയിലൂടെ രണ്ടില ചിഹ്നവും പാർട്ടിയും കൊണ്ട് ജോസ് പോയതോടെ തോമസ് വിഭാഗത്തിന്റെ ബ്രാക്കറ്റില്ലാ കേരളാകോൺഗ്രസിൽ ലയിച്ച ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾക്കെല്ലാം ട്രാക്ടറോടിക്കുന്ന കർഷകന്റെ ചിഹ്നം ലഭിച്ചിട്ടുണ്ട്. വോട്ടർമാരുടെ മനസിൽ ചിഹ്നം പെട്ടെന്നു പതിയാൻ ട്രാക്ടറുമായാണ് പ്രചാരണം. പാലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മാണി സി. കാപ്പനും ഇതേ ചിഹ്നമാണ് കിട്ടിയത്.

ഒാട്ടോയിൽ കയറി ലതിക

സീറ്റ് ലഭിക്കാതെ വന്നതോടെ കെ.പി.സി.സി ആസ്ഥാനത്തിനു മുന്നിൽ തല മുണ്ഡനം ചെയ്തു കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച ലതികാസുഭാഷ് പ്രവർത്തകരുടെ സമ്മർദ്ദത്തിന് വഴങ്ങി ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചു കരുത്തു തെളിയിക്കുകയാണ്. പണക്കൊഴുപ്പില്ലാത്ത പ്രചാരണമാണെങ്കിലും ഓട്ടോറിക്ഷ ചിഹ്നത്തിൽ കയറി ലതിക പിടിക്കുന്ന വോട്ടുകൾ മറ്റു സ്ഥാനാർത്ഥികളുടെ ജയപരാജയം നിർണയിക്കും .

ഒറ്റയാനായി പി.സി. ജോർജ്

കഴിഞ്ഞ തവണ ഒറ്റയ്ക്കു മത്സരിച്ച് കാൽ ലക്ഷത്തിലേറെ വോട്ടിന് വിജയിച്ച് മുന്നണി സ്ഥാനാർത്ഥികളെ ‌ഞെട്ടിച്ച പി.സി.ജോർജ് പൂഞ്ഞാറിൽ രണ്ടാം തവണയും ചതുഷ്ക്കോണമത്സരത്തെയാണ് നേരിടുന്നത്. എസ്.ഡി.പി.ഐക്കാർ കൂക്കി വിളിച്ചതോടെ തന്റെ പ്രവർത്തകരുടെ ജീവൻ രക്ഷിക്കാനും വർഗീയ സംഘർഷം ഉണ്ടാകാതിരിക്കാനും ഈരാറ്റുപേട്ട നഗരത്തിലെ പ്രചാരണം അവസാനിപ്പിച്ചതായി ജോർജ് അറിയിച്ചു. സമുദായ വോട്ടുകളുടെ ധ്രുവീകരണത്തിലേക്കാണ് ഇതു വഴി തെളിക്കുന്നത്.