
പാലാ: ' ജേക്കബ് ജി, താങ്കൾ പഴയ പോലെ തന്നെ സ്മാർട്ടാണല്ലോ ' രാഹുൽ ഗാന്ധിയുടെ ചിരിച്ചു കൊണ്ടുള്ള കമന്റ് കേട്ടപ്പോൾ കുമ്പാനിയിലെ തോപ്പിൽ വീട്ടിൽ പൊട്ടിച്ചിരി ഉയർന്നു.
പത്തു വർഷത്തോളം തന്നേയും കുടുംബത്തേയും കാത്തു സൂക്ഷിച്ച റിട്ട. ഡി.ഐ. ജി. ടി.ജെ. ജേക്കബിന്റെ കുമ്പാനിയിലെ വീട്ടിലേയ്ക്ക് ഇന്നലെ 2.30 ഓടെയാണ് രാഹുൽ ഗാന്ധി എത്തിയത്.
പൊൻകുന്നത്തു നിന്ന് റോഡ് മാർഗം പാലായിൽ മാണി സി. കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിനു പോകും വഴിയാണ് രാഹുൽ ഗാന്ധി കുമ്പാനിയിലുള്ള ജേക്കബിന്റെ വീട്ടിൽ കയറിയത്.
' ജേക്കബ് ജി, സുഖമല്ലേ...?'' എന്ന് വിളിച്ചു ചോദിച്ച് വീടിന്റെ പൂമുഖത്തേക്കു കയറിയ രാഹുൽ ഗാന്ധി കുടുംബാംഗങ്ങളോടും സൗഹൃദം പങ്കുവെച്ചു. ഇതിനിടെ ജേക്കബിന്റെ ഭാര്യ റാണിയും ഇളയ മകൻ ഡെന്നീസും ചേർന്ന് രാഹുലിനായി മുന്തിരിച്ചാറ് എടുത്തു. ഒരു കവിൾ രുചിച്ച ഉടൻ രാഹുൽ പറഞ്ഞു: ' ഇത് സൂപ്പർ, കുറച്ചെനിക്ക് കൊണ്ടുപോകാൻ പാഴ്‌സലെടുക്കൂ '. അടുത്തിടെ കമ്പത്തു നിന്നു വാങ്ങിയ മുന്തിരിച്ചാർ കുപ്പികളിൽ മൂന്നെണ്ണം രാഹുലിനായി ജേക്കബ് പൊതിഞ്ഞു കൊടുത്തു.
10 മിനിട്ടോളം തോപ്പിൽ കുടുംബത്തിൽ ചെലവഴിച്ചു. ജേക്കബിന്റെ ബന്ധുക്കൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് രാഹുൽ മടങ്ങിയത്.
' ജേക്കബ് ജി, ഡൽഹിയിൽ വരുമ്പോൾ വീട്ടിൽ വരണം. അമ്മയോടും സഹോദരിയോടുമൊക്കെ താങ്കളുടെ വീട്ടിൽ വന്ന കാര്യം ഞാൻ പറയുന്നുണ്ട് ' തോപ്പിൽ വീടിന്റെ പടിയിറങ്ങിക്കൊണ്ട് രാഹുൽ, ജേക്കബിനോടായി പറഞ്ഞു.
' രാഹുൽ ജി വീട്ടിൽ വരുമെന്ന് പ്രതീക്ഷയില്ലായിരുന്നു. ഇന്നലെ രാവിലെ പൊൻകുന്നത്തെത്തിയപ്പോഴാണ് , പാലായ്ക്കുള്ള വഴിയിൽ കുമ്പാനിയിലാണ് ഞാൻ താമസിക്കുന്നതെന്ന വിവരം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിച്ചത്. പൊൻകുന്നത്തു നിന്ന് പാലായ്ക്ക് യാത്ര തിരിച്ച ശേഷമാണ് വീട്ടിൽ കയറുന്നുണ്ടെന്ന് രാഹുൽജി തന്നെ വിളിച്ചറിയിക്കുകയായിരുന്നു- ജേക്കബ് പറഞ്ഞു.
സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ (എസ്. പി.ജി. കമാൻഡോ) ആയിരിക്കെ അഞ്ചു പ്രധാനമന്ത്രിമാരുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ടി.ജെ. ജേക്കബ് 1998- 2009 കാലഘട്ടത്തിൽ സോണിയാ ഗാന്ധിയുടെയും കുടുംബത്തിന്റെയും സുരക്ഷാ ചുമതലയും നിർവ്വഹിച്ചു. സോണിയ, രാഹുൽ , പ്രിയങ്ക എന്നിവരുമായി വ്യക്തിപരമായ അടുപ്പമുണ്ട്.
സി. ആർ. പി. എഫിൽ 41 വർഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ വർഷം കാശ്മീരിൽ നിന്നാണ് വിരമിച്ചത്. അന്തർദ്ദേശീയ നീന്തൽ താരം കൂടിയായ ജേക്കബ് പാലായിലെ നീന്തൽ തറവാടായ വെള്ളിയേപ്പിള്ളി തോപ്പിൽ കുടുംബാംഗമാണ്.