കട്ടപ്പന: ഇടത് വലത് സർക്കാരുകൾ ഇടുക്കിയിലെ കർഷകരെ പൂർണമായി അവഗണിച്ചതായി എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ. ഏലം, കുരുമുളക്, കാപ്പി തുടങ്ങി നാണ്യവിളകളുടെ വിലത്തകർച്ച പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ കൃഷി പ്രോത്സാഹന പദ്ധതികൾ കേരളത്തിലെ കർഷകരിൽ എത്തുന്നില്ല. കർഷകരുടെ പ്രശ്‌നങ്ങൾ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപെടുത്താൻ ഇവിടുത്തെ ജനപ്രതിനിധികൾക്കും കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ എൻ.ഡി.എ. നേതൃത്വം നൽകിയ നിവേദനത്തെ തുടർന്നാണ് ഏലയ്ക്കായ്ക്ക് 500 രൂപ തറവില നിശ്ചയിച്ചത്. കൂടാതെ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഏലയ്ക്കാ വില 1000 രൂപയിൽ താഴേയ്ക്ക് പോയിട്ടുമില്ല. എൻ.ഡി.എ. നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മകളിലൂടെ ഇടുക്കിയിൽ ഒരു കോടിയിലധികം രൂപയുടെ കാർഷിക യന്ത്രോപകരണങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. കർഷകരുടെ യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എൻ.ഡി.എ. അധികാരത്തിലെത്തണമെന്നും സംഗീത വിശ്വനാഥൻ പറഞ്ഞു.