rahul

കോട്ടയം: പ്രചാരണത്തിൽ ഏറെ പിന്നാക്കം പോയിരുന്ന യു.ഡി.എഫ് ക്യാമ്പിനെ ഒറ്റദിവസംകൊണ്ട് ഒന്നാമതെത്തിക്കാൻ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് കഴിഞ്ഞു. ചരിത്രത്തിലാദ്യമായി രാഹുൽ ഗാന്ധി ജില്ലയിൽ നടത്തിയ ദീർഘയാത്ര ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഒരുപോലെ ഇളക്കിമറിച്ചു.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ മത്സരിച്ചപ്പോൾ കേരളത്തിൽ മൊത്തമുണ്ടായ ആവേശത്തിന് സമാനമായിരുന്നു ഇന്നലെ യു.ഡി.എഫ് ക്യാമ്പിലുണ്ടായ ഇളക്കം. ചിങ്ങവനത്തും പനച്ചിക്കാട്ടും മാത്രമല്ല, പുതുപ്പള്ളിയിലും കാ‌ഞ്ഞിരപ്പള്ളിയിലും പാലായിലുമൊക്കെ ആടി നിന്ന വോട്ടുകൾ ഉറപ്പിക്കാൻ രാഹുലിനായി.

 ചരിത്രമീ റോഡ് ഷോ

രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജില്ലയിൽ എത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് മണിക്കൂറുകൾ നീണ്ട റോഡ് ഷോയിലൂടെയുള്ള പ്രചാരണം. രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ ജില്ലയുടെ ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തേയ്ക്ക് രാഹുൽ റോഡിലൂടെ സഞ്ചരിച്ചു. പൂഞ്ഞാറും വൈക്കവും ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളിലൂടെയും കടന്നു പോകാൻ രാഹുലിനായി. കുട്ടികളെ എടുത്തും ആളുകളുടെ കരംപിടിച്ചും സെൽഫിക്ക് പോസ് ചെയ്തും വീടുകളിലേയ്ക്ക് ഓടിക്കയറിയും രാഹുൽ ഞെട്ടിച്ചു. രാഹുലിന്റെ വരവോടെ ഭൂരിപക്ഷം എത്ര ഉയരുമെന്ന് മാത്രമേ ചിന്തിക്കുന്നുള്ളൂവന്നാണ് ഉമ്മൻചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും അടുപ്പക്കാർ പറഞ്ഞത്.

 കല്ലാനിയെ വെട്ടി

പൂഞ്ഞാറിൽ ടോമി കല്ലാനിയുടെ പ്രചാരണത്തിന് രാഹുൽ ഗാന്ധിയെ എത്തിക്കാത്തതിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. പാലായിൽ മാണി സി.കാപ്പന്റെ വേദിയിൽ വരെ രാഹുൽ ഗാന്ധി പങ്കെടുത്തപ്പോൾ തൊട്ടടുത്ത മണ്ഡലമായ പൂഞ്ഞാറിൽ രാഹുൽ ഗാന്ധിക്കായി വേദി ഒരുക്കാതിരുന്നത് ഡി.സി.സിയിലെ ഉന്നതരുടെ ഇടപെടലാണെന്നാണ് ആക്ഷേപം.