
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് പരാതിപ്പെടാവുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പിലൂടെ ഇതുവരെ ലഭിച്ചത് 724 പരാതികള്‍. അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളാണ് ഇവയില്‍ ഏറെയും. 664 പരാതികളില്‍ തുടര്‍ നടപടി സ്വീകരിച്ചു. 60 പരാതികള്‍ അടിസ്ഥാനമില്ലാത്തവയാണെന്ന് കണ്ടെത്തി. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് കോട്ടയം നിയോജക മണ്ഡലത്തില്‍നിന്നാണ് - 205 എണ്ണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി വിജില്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ ഉടന്‍ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സ്ക്വാഡുകള്‍ക്ക് കൈമാറും. പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷന്‍ മുഖേന തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവയും പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ തുടര്‍ നടപടി സ്വീകരിക്കും.