
കോട്ടയം : വീടുകളിൽ കയറിയിറങ്ങി വീട്ടമ്മമാരുടെ ഹൃദയം കവർന്ന് കോട്ടയം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. മണ്ഡലത്തിന്റെ ഒരോ മുക്കിലും മൂലയിലും വരെ സ്ഥാനാർത്ഥി ഇതിനകം എത്തിക്കഴിഞ്ഞു. മണ്ഡലത്തിലെ വീട്ടമ്മമാരുമായി പേരെടുത്ത് വിളിക്കാവുന്ന അടുപ്പം സ്ഥാപിക്കാൻ അവർക്കായി. നാട്ടകം മേഖലയിലാണ് ഇന്നലെ പര്യടനം നടത്തിയത്. മറിയപ്പള്ളി , നാട്ടകം , മുട്ടം പ്രദേശങ്ങളിലെ വീടുകളിൽ അവർ നേരിട്ടെത്തി. മറ്റ് സ്ഥാനാർത്ഥികളിൽ നിന്നു വ്യത്യസ്തമായി വനിതാ സ്ക്വാഡ് ആണ് മിനർവാ മോഹനൊപ്പമുള്ളത്. എൻ.ഡി.എ - ആർ.എസ്.എസ് പ്രവർത്തകരും സജീവമായി പ്രചാരണരംഗത്തുണ്ട്. ഗ്രാമ പ്രദേശങ്ങളിൽ പരമാവധി ആളുകളെ സംഘടിപ്പിച്ചുള്ള ചെറു യോഗങ്ങൾ നടത്തുന്നു. ഓരോ സ്ഥലത്തും വൻ സ്വീകരണമാണ് ലഭിക്കുന്നത്.