ചങ്ങനാശേരി: ട്രാക്ടർ ഓടിക്കുന്ന കർഷകൻ എന്ന ചിഹ്നം പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിന് ലഭിച്ചതോടെ ചിഹ്നത്തിൽ പ്രചരണം സജീവമാക്കി ചങ്ങനാശേരിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ജെ. ലാലി. തന്റെ ചിഹ്നമായ ട്രാക്ടർ ഓടിച്ചാണ് വി ജെ ലാലിയുടെ കൗതുകകരമായ പ്രചരണം. മാർക്കറ്റ് റോഡിൽ നിന്നും അലങ്കരിച്ച ട്രാക്ടറിൽ വോട്ട് അഭ്യർത്ഥിക്കുന്നതായി സ്ഥാനാർത്ഥി എത്തിയതോടെ കാണികളിലും വോട്ടർമാരിലും കൗതുകമുണർത്തി.അനൗൺമെന്റ് വാഹനത്തിന്റെ അകമ്പടിയോടെ മാർക്കറ്റിൽ നിന്നും ആരംഭിച്ച ട്രാക്ടർ റോഡ് ഷോ നഗരസഭ പരിധിയിലും എല്ലാ പഞ്ചായത്തുകളിലും വോട്ട് അഭ്യർത്ഥിച്ച് എത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി വി.ജെ. ലാലിയുടെ ചിഹ്നം ഇതാ കടന്നു വരുന്നു എന്ന് അനൗൺസ്‌മെന്റ് നടത്തിയാണ് സ്ഥാനാർത്ഥിയും ട്രാക്ടറും വീഥികളിലൂടെ കടന്നു വന്നത്. ചിഹ്നം പരിചയപ്പെടുത്തുന്നന്റെ ഭാഗമായാണ് ട്രാക്ടറിലേന്തിയുള്ള പ്രചരണം നടന്നത്. മറ്റ് സ്ഥാനാർത്ഥികളിൽ നിന്നുംചിഹ്നത്തിലേറിയുള്ള പ്രചരണം പ്രവർത്തകരിലും ആവേശമായി. പി ജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിൽ ട്രാക്ടർ ഓടിക്കുന്ന കർഷകൻ എന്ന ചിഹ്നമാണ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. ചങ്ങനാശേരിയിൽ മത്സരിക്കുന്ന ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടിയുടെ സ്ഥാനാർഥി ബേബിച്ചൻ മുക്കാടനും ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം ആവശ്യപ്പെട്ടതോടെ കേരള കോൺഗ്രസ് പ്രതിസന്ധിയിലായി. തുടർന്ന് ചിഹ്നം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വി ജെ ലാലിക്ക് അനുകൂലമാകുകയായിരുന്നു. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷൻ കത്തുനൽകി. രജിസ്ട്രഷനുള്ള പാർട്ടിയായതുകൊണ്ടാണ് കേരള കോൺഗ്രസിന് ചിഹ്നം സംബന്ധിച്ച തർക്കത്തിൽ മുൻതൂക്കം നൽകിയത്. വി ജെ ലാലിക്ക് ട്രാക്ടർ ചിഹ്നീ ലഭിച്ചതോടെ യു.ഡി.എഫ് പ്രവർത്തകർ ട്രാക്ടറുമായി മണ്ഡലത്തിൽ ഇറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി തന്നെ പ്രവർത്തകരുടെ നേതൃത്വത്തിൽ പുതിയ ട്രാക്ടർ എത്തിയ്ക്കുകയും വൈദ്യുതിലങ്കാര ബൾബുകൾ കൊണ്ട് മനോഹരമാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷൻ ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നം വി.ജെ. ലാലിക്ക് നൽകിയതോടെയാണ് സ്വന്തം ചിഹ്നത്തിൽ പ്രചരണവും കൊഴുക്കുകയാണ്. സ്ഥാനാർത്ഥിക്ക് ഒപ്പം മറ്റ് പ്രവർത്തകരും വോട്ടർമാരും ട്രാക്ടറിൽ സ്ഥാനം പിടിക്കുന്നതിനും ഫോട്ടോകൾ എടുക്കുന്നതിനായി തിരക്കും കൂട്ടുന്ന കാഴ്ച്ചയും കാണാമായിരുന്നു.