
കോട്ടയം: ഇടതു പ്രചാരണ യോഗങ്ങളിൽ സല്യൂട്ട് സ്വീകരിച്ച് പിണറായി വിജയൻ, യു.ഡി.എഫിനായി റോഡ് ഷോ നയിച്ച് രാഹുൽ ഗാന്ധി. ഇരുവർക്കും പിറകെ അമിത് ഷാ കൂടി വന്നതോടെ, വി.വി.ഐ.പി നേതാക്കൾ പകർന്ന ആവേശ പ്രചാരണ ചൂടേറ്റുവാങ്ങി കോട്ടയം ഇളകി മറിയുകയാണ്. ഇനി സീതാറാം യച്ചൂരിയടക്കം വലിയൊരു പടവരാനിരിക്കുന്നു.
പട്ടാളച്ചിട്ടയിൽ സമയനിഷ്ഠ പാലിച്ച് അരഡസനോളം മണ്ഡലങ്ങളിൽ ആകെ ഒന്നര മണിക്കൂർ പ്രസംഗമേ പിണറായി നടത്തിയുള്ളുവെങ്കിലും, ഇടതു സ്ഥാനാർത്ഥികൾക്ക് പ്രചാരണരംഗത്ത് ഏറെ മുന്നേറ്റത്തിന് അത് വഴിയൊരുക്കിയെന്നാണ് വിലയിരുത്തൽ.
വഴിയോരങ്ങളിൽ ഓടിക്കൂടിയവരിൽ ആവേശം നിറക്കാൻ രാഹുലിന്റെ റോഡ് ഷോയ്ക്ക് കഴിഞ്ഞു. കാപ്പന്റെ പാലായിൽ വരെ എത്തിയ രാഹുൽ സമീപത്ത്, കോൺഗ്രസ് സ്ഥാനാർത്ഥി ടോമി കല്ലാനി മത്സരിക്കുന്ന പൂഞ്ഞാറിൽ മാത്രം പോകാതിരുന്നത് കോൺഗ്രസ് ഗ്രൂപ്പ് കളിയുടെ ഭാഗമെന്ന പ്രചാരണം പരാതിയായി. അതോടെ, അടുത്തയാഴ്ച പത്തനംതിട്ട ജില്ലയിലെ റോഡ് ഷോക്ക് വരുമ്പോൾ പൂഞ്ഞാർ വഴി കടന്നു പോകാമെന്ന ഉറപ്പു നൽകിയാണ് രാഹുൽ മടങ്ങിയത്.
മുൻ കേന്ദ്ര മന്ത്രി കൂടിയായ അൽഫോൻസ് കണ്ണന്താനം മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി ബി.ജെ.പിയുടെ കോട്ടയത്തെ ശക്തി കേന്ദ്രമാണ്. ജില്ലയിലെ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി അമിത് ഷാ പങ്കെടുത്ത ഏക യോഗവും പൊൻകുന്നത്തായിരുന്നു.
മുന്നണി സ്ഥാനാർത്ഥികൾക്കായി വി.വി.ഐ.പി നേതാക്കൾ പട നയിക്കുമ്പോൾ ,ചതുഷ് കോണ മത്സരം നേരിടുന്ന സ്വതന്ത്ര സ്ഥാനാർത്ഥികളായ പി.സി. ജോർജും ലതികാസുഭാഷും ഏകാംഗ പ്രചാരണത്തിലാണ്. ഓട്ടോ റിക്ഷ ചിഹ്നം ലഭിച്ച ലതിക ഓട്ടോറിക്ഷയിലൂടെ ഏറ്റുമാനൂരിൽ പ്രചാരണം നടത്തുമ്പോൾ, തൊപ്പി ചിഹ്നം തലയിൽ വച്ച് ഒറ്റയാൾ പട്ടാളമായി പൂഞ്ഞാറിൽ കറങ്ങുകയാണ് ജോർജ്.