
കോട്ടയം : ഒറ്റയാൾ പട്ടാളമായ പി.സി.ജോർജ് ഈ തിരഞ്ഞെടുപ്പിലും മുന്നണി സ്ഥാനാർത്ഥികളെയെല്ലാം പിന്തള്ളി പൂഞ്ഞാറിൽ അട്ടിമറി ജയം നേടുമോയെന്നതാണ് ഉയരുന്ന ചോദ്യം. കോൺഗ്രസ്, കേരളകോൺഗ്രസ് ജോസ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ ആരെന്ന് അറിയും മുൻപ് പ്രചാരണ രംഗത്തിറങ്ങിയതാണ് പി.സി.ജോർജ്. കഴിഞ്ഞ തവണ 27000 ന് മുകളിൽ ഭൂരിപക്ഷം നേടിയെങ്കിൽ ഇക്കുറി 35000 ന് മുകളിൽ എത്തിക്കുമെന്നാണ് ജോർജിന്റെ അവകാശവാദം. യു.ഡി.എഫിന്റെ അഡ്വ.ടോമി കല്ലാനിയും, എൽ.ഡി.എഫിന്റെ സെബാസ്റ്റ്യൻ കുളത്തുങ്കലും, എൻ.ഡി.എയുടെ എം.പി സെന്നും ഇത് ചിരിച്ചു തള്ളുകയാണ്. കോൺഗ്രസിന് നല്ല വേരോട്ടമുണ്ടെങ്കിലും യു.ഡി.എഫ് കേരളകോൺഗ്രസിന് വർഷങ്ങളായി പതിച്ചു നൽകിയ പൂഞ്ഞാറിൽ ആറ് പതിറ്റാണ്ടിന് ശേഷമാണ് കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കുന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ ഡി.സി.സി പ്രസിഡന്റുമായ അഡ്വ.ടോമികല്ലാനിയ്ക്ക് മണ്ഡലത്തിന്റെ മുക്കും മൂലയുമറിയാം. എളിമയോടെ വോട്ടർമാരുടെ വിശ്വാസം നേടിയെടുക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. ഏറെക്കാലത്തിന് ശേഷം കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥി മത്സരിക്കുന്നതിന്റെ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ. ഇത് വോട്ടാകുമെന്നാണ് പ്രതീക്ഷ.
ഇടത് സ്ഥാനാർത്ഥി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലാണ്. നിരവധി വികസന പദ്ധതികളിലൂടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ മികവ് തെളിയിച്ച കുളത്തുങ്കൽ കേരളകോൺഗ്രസ് ജോസ് വോട്ടിനൊപ്പം ഇടതുപക്ഷ വോട്ട് കൂടി ചേരുമ്പോൾ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ്. എൻ.ഡി.എ ബി.ഡി.ജെ.എസിന് നൽകിയ സീറ്റിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ കരുത്തനായ നേതാവ് എം.പി സെന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസിന്റെ എം.ആർ.ഉല്ലാസ് ഇരുപതിനായിരത്തോളം വോട്ടുകൾ നേടിയിരുന്നു.ബി.ജെ.പി വോട്ടുകൾക്കൊപ്പം മണ്ഡലത്തിൽ ഈഴവ വോട്ടുകൾ നിർണായക സ്വാധീനമുള്ളതിൽ പ്രതീക്ഷ അർപ്പിച്ചാണ് സെന്നിന്റെ പ്രചാരണം.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള ശ്രമം അവസാന നിമിഷം പൊളിഞ്ഞതോടെയാണ് പി.സി.ജോർജ് വീണ്ടും സ്വതന്ത്രനായി മത്സരിക്കുന്നത്. എട്ടാം തവണയാണ് മത്സരിക്കുന്നത്. നാല് സ്ഥാനാർത്ഥികൾ പോരാടുമ്പോൾ ഭിന്നിക്കുന്ന വോട്ടുകളിൽ തന്റെ വിഹിതം ഉറപ്പാക്കി കഴിഞ്ഞ തിരഞ്ഞെടുപ്പിലെപ്പോലെ വിജയിക്കാമെന്നാണ് ജോർജിന്റെ കണക്കുകൂട്ടൽ. ജില്ലാ പഞ്ചായത്ത് ഡിവിഷൻ തിരഞ്ഞെടുപ്പിൽ മകൻ ഷോൺ ജോർജ് ചതുഷ്കോണ മത്സരത്തിൽ വിജയിച്ചതിന്റെ മാതൃകയുമുണ്ട്. ഈരാറ്റുപേട്ടയിലെ പ്രചാരണത്തിനിടയിൽ എസ്.ഡി.പി.ഐ പ്രവർത്തകർ കൂക്കുവിളിച്ചതോടെ ഇനി ഈരാറ്റുപേട്ടയിൽ പ്രചാരണം നടത്തില്ലെന്ന് പ്രഖ്യാപിച്ച ജോർജ് സാമുദായിക ധ്രുവീകരണ വോട്ടുകളാണ് ഇതു വഴി ലക്ഷ്യമിടുന്നത്.
മണ്ഡലചിത്രം
എരുമേലി ,കൂട്ടിക്കൽ, മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട്, പഞ്ഛായത്തുകളും ഈരാറ്റുപേട്ട നഗരസഭയും ഉൾക്കൊള്ളുന്നതാണ് പൂഞ്ഞാർ.
നിർണായകം
ക്രൈസ്തവ വിഭാഗങ്ങൾക്കൊപ്പം ഈഴവ - മുസ്ലിം വോട്ടുകളും നിർണായകമായ മണ്ഡലം. നാല് സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ രാഷ്ട്രീയത്തിനപ്പുറം വ്യക്തിപരമായി വോട്ട് ബാങ്കിൽ സ്വാധീനമുറപ്പിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിക്കേ വിജയിക്കാനാകൂ.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് നില
പി.സി.ജോർജ് (ജനപക്ഷം) : 63621
ജോർജ് കുട്ടി ആഗസ്തി (യു.ഡി.എഫ്) : 35800
പി.സി.ജോസഫ് (ഇടതുസ്വതന്ത്രൻ) : 22270
എം.ആർ.ഉല്ലാസ് (എൻ.ഡി.എ )
ഭൂരിപക്ഷം : 27821