
പൊൻകുന്നം : സ്വർണക്കടത്ത് കേസിൽ ഇ.ഡി പക്ഷപാതപരമായി പെരുമാറുന്നതായി പറയുന്ന മുഖ്യമന്ത്രി ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ബി.ജെ.പി പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫ് ഡോളറും സ്വർണവും കടത്തി അഴിമതി നടത്തുമ്പോൾ, യു.ഡി.എഫ് സോളാറിൽ അഴിമതി നടത്തി. സമാധാനത്തിന് പേരുകേട്ട കേരളത്തിൽ ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരെ സി.പി.എം കൊലപ്പെടുത്തുകയാണ്. കേരളത്തിന്റെ വികസനത്തിനായി ബി.ജെ.പി സമർപ്പിതമാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ പത്തനംതിട്ട കളക്ടർ ടി.ടി ആന്റണി അമിത് ഷായിൽ നിന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചു. സി.വി.ആനന്ദ ബോസ് തയ്യാറാക്കിയ വികസനരേഖ അൽഫോൺസ് കണ്ണന്താനം അമിത് ഷായ്ക്ക് കൈമാറി.
കന്യാസ്ത്രീകളെ ആക്രമിച്ചതിൽ കർശന നടപടി
ഒറീസയിൽ ട്രെയിനിൽ മലയാളി കന്യാസ്ത്രീകളെ ആക്രമിച്ച പ്രതികൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞു. നടപടി എടുക്കണമെന്ന് അൽഫോൺസ് കണ്ണന്താനം ആവശ്യപ്പെട്ടിരുന്നു.
ശബരിമലയിൽ ദുഷ്പ്രചാരണം
കൊല്ലം: ശബരിമല വിഷയത്തിൽ ഇടതുപക്ഷം നടത്തിയത് ദുഷ്പ്രചാരണമാണെന്ന് പരവൂരിൽ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു. ഭഗവാൻ അയ്യപ്പനോട് പിണറായി സർക്കാർ കാട്ടിയ ദ്രോഹം രാജ്യത്താകെ നൊമ്പരമായി. ശ്രീനാരായണ ഗുരുദേവന്റെയും ചട്ടമ്പി സ്വാമികളുടെയും മഹാത്മാ അയ്യങ്കാളിയുടെയും നാടാണ് കേരളം. എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ച് കേരളത്തിന്റെ സംസ്‌കൃതിയെയും പാരമ്പര്യത്തെയും തകർത്തു. പബ്ലിക് സർവീസ് കമ്മിഷനെ കമ്മ്യൂണിസ്റ്റ് കാര്യാലയമാക്കി പിണറായി മാറ്റി. സർക്കാർ സർവീസിൽ പിൻവാതിലിലൂടെ കമ്മ്യൂണിസ്റ്റുകാരെ തിരുകിക്കയറ്റുകയാണ്. എൻ.ഡി.എ ഭരണത്തിലേറിയാൽ കേരളത്തെ ഉന്നത നിലവാരത്തിലെത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ചാത്തന്നൂർ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ ബി.ബി. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.