nss

കോട്ടയം : എൻ.എസ്.എസിനെയോ നേതൃത്വത്തെയോ വിരട്ടാൻ വരേണ്ടെന്നും ,രാഷ്ട്രീയമായി ഇപ്പോഴും സമദൂരത്തിലാണെന്നും ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. എൻ.എസ്.എസ് ആവശ്യപ്പെട്ട മൂന്ന് വിഷയങ്ങളിൽ അനുകൂല തീരുമാനമുണ്ടാകാത്തതിനാലാണ് നിരന്തരം പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ വിശ്വാസികൾക്ക് അനുകൂലമായ നിലപാടെടുക്കണം, സാമ്പത്തിക സംവരണം ഫലപ്രദമായി നടപ്പാക്കണം, മന്നത്തു പത്മനാഭന്റെ ജന്മദിനം നെഗോഷ്യബിൾ

ഇൻസ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തണം എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. എന്നാൽ ഇതിലൊന്നും അനുകൂല തീരുമാനമായിട്ടില്ല. സാമ്പത്തിക സംവരണം സംസ്ഥാനത്ത് നടപ്പാക്കിയെന്ന് സർക്കാർ ഘോരഘോരം അവകാശപ്പെടുമ്പോഴും, മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ പ്രയോജനം ഇതുവരെ ലഭിച്ചിട്ടില്ല. മന്നം ജയന്തിദിനമായ ജനുവരി 2 നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുന്ന അവധിദിനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പലതവണ നിവേദനം സമർപ്പിച്ചെങ്കിലും വൈകാരികമായ ഈ വിഷയം നിസാരമായി കണ്ട് നിരസിക്കുകയായിരുന്നു. ഈ മൂന്ന് ആവശ്യങ്ങളിലും എന്ത് രാഷ്ട്രീയമാണുള്ളതെന്ന് എൻ.എസ്.എസിനെ വിമർശിക്കുന്നവർ വ്യക്തമാക്കണം. സർക്കാരിന്റെ പ്രവർത്തനങ്ങളെയോ മറ്റു വിവാദങ്ങളെയോ സംബന്ധിച്ച് എൻ.എസ്.എസ്. ഒരിക്കലും പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.