by-pass

മുണ്ടക്കയം : ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി കോടികൾ മുടക്കി നിർമ്മിച്ച മുണ്ടക്കയം ബൈപ്പാസ് നോക്കുകുത്തിയാകുന്നു. നിർമാണം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ബൈപ്പാസിലൂടെ നാമമാത്രമായ വാഹനങ്ങളാണ് പോകുന്നത്. മുണ്ടക്കയം കോസ്റ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് പൈങ്ങനാ പാലത്തിന് സമീപം എത്തുന്നതാണ് ബൈപ്പാസ്. എന്നാൽ ദേശീയ പാതയിൽ നിന്ന് ബൈപ്പാസിലേയ്ക്ക് വാഹനങ്ങൾ കയറേണ്ട പൈങ്ങനാ പാലത്തിനു സമീപം ചെറിയ ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടില്ല. ടൗണിൽ നിന്ന് വാഹനങ്ങൾ തിരിഞ്ഞു പോകേണ്ട കോസ്റ്റ് ജംഗ്ഷനിലും ദേശീയപാത വിഭാഗം മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല.

ജാഥകളുമായി പാർട്ടികൾ, ജനം പെരുവഴിയിൽ

തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ജാഥകളടക്കം ടൗണിലാണ് നടക്കുന്നത്. ഇത് മുണ്ടക്കയത്തെ മണിക്കൂറുകളാണ് കുരുക്കിലാക്കുന്നത്. ജാഥ നടക്കുന്ന സമയങ്ങളിൽ വാഹനങ്ങൾ ബൈപ്പാസ് വഴി വഴിതിരിച്ചുവിടാനുള്ള യാതൊരു സംവിധാനവും അധികൃതർ ഒരുക്കാറില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ മുണ്ടക്കയം ടൗണിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു.

വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രം

നിലവിൽ ബൈപ്പാസ് വാഹന പാർക്കിംഗിന് വേണ്ടിയുള്ള സ്ഥലം മാത്രമായിരിക്കുകയാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് മുണ്ടക്കയം പഞ്ചായത്ത് വിളിച്ചുചേർത്ത അവലോകന യോഗത്തിൽ മുന്നറിയിപ്പ് ബോർഡ് അടക്കമുള്ളവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ദേശീയപാത വിഭാഗം ഉറപ്പുനൽകിയെങ്കിലും തുടർനടപടി ഒന്നുമുണ്ടായില്ല.