
കോട്ടയം : ദേശീയ -സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് ജില്ലയിൽ വൻ പ്രചാരണ പൊതുയോഗങ്ങൾ ആദ്യഘട്ടത്തിൽ പൂർത്തിയായതോടെ വാഹനപര്യടനത്തിലേയ്ക്ക് സ്ഥാനാർത്ഥികൾ. പിണറായി വിജയനും, രാഹുൽ ഗാന്ധിയും, അമിത് ഷായും വോട്ട് തേടിയതിന് പിന്നാലെ കൂടുതൽ നേതാക്കൾ കളത്തിലിറങ്ങും. വരുംദിവസങ്ങളിൽ പ്രചാരണം പരമാവധി കൊഴുപ്പിക്കാൻ ശബരിമല വിവാദവും കാർഷിക പ്രശ്നങ്ങളും ഇന്ധന വിലവർദ്ധനവും മുന്നണികൾക്ക് ആയുധങ്ങളാകും. ഉമ്മൻചാണ്ടിയുടെ ആദ്യദിന വാഹന പര്യടനം ആരംഭിച്ചു. 27 ന് ഏറ്റുമാനൂരിൽ വി.എൻ.വാസവൻ തുറന്ന ജീപ്പിൽ വോട്ടർമാരെ കാണാനെത്തും. ജോസ് കെ.മാണി, മിനർവ മോഹൻ, പി.സി.ജോർജ്, ടോമി കല്ലാനി,എൻ.ഹരി തുടങ്ങിയവരും ഒരാഴ്ചയ്ക്കുള്ളിൽ വാഹന പര്യടനം തുടങ്ങും.
അട്ടിമറി പ്രതീക്ഷയിൽ ഇടത്
9 മണ്ഡലങ്ങളിലെയും പോരാട്ടം കടുക്കുമെങ്കിലും പൊടിപാറുന്ന മത്സരം കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, പാലാ, ചങ്ങനാശേരി തുടങ്ങിയ മണ്ഡലങ്ങളിലെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. വർഷങ്ങളായി ഒപ്പമുള്ള വൈക്കം, ഏറ്റുമാനൂർ മണ്ഡലങ്ങൾ ഒപ്പം നിൽക്കുമെന്ന് കരുതുമ്പോൾ പൂഞ്ഞാർ, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കോട്ടയം മണ്ഡലങ്ങളിൽ അട്ടിമറിയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുമുന്നണി ക്യാമ്പ്. പ്രീ പോൾ സർവേയിൽ കോട്ടയത്തെ മുൻതൂക്കവും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ജനങ്ങളെ നേരിട്ട് സ്പർശിക്കുന്ന പെൻഷൻ, ലൈഫ്, സൗജന്യകിറ്റ്, ഹൈടെക് സ്‌കൂൾ തുടങ്ങി പദ്ധതികളും വികസന പ്രവർത്തനങ്ങളുമാകും തുറുപ്പ് ചീട്ടെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ തവണ ഒറ്റ മന്ത്രി പോലും ജില്ലയിൽ നിന്ന് ഇല്ലായിരുന്നെങ്കിലും വികസനത്തിന് കുറവ് വരുത്തിയിട്ടില്ലെന്നാണ് ഇടതുപക്ഷം പറയുന്നത്.
യുവത്വം കരുത്താക്കാൻ യു.ഡി.എഫ്
ഉമ്മൻചാണ്ടിയുടേയും തിരുവഞ്ചൂരിന്റെയും ഉൾപ്പെടെയുള്ളവരുടെ അനുഭവ പരിചയം കരുത്താകുമെന്നാണ് യു.ഡി.എഫ് പറയുന്നത്. പൂഞ്ഞാറിലും ചങ്ങനാശേരിയിലും വൈക്കത്തും പുതുമുഖങ്ങളെയാണ് പരീക്ഷിക്കുന്നത്.
ആത്മവിശ്വാസത്തിൽ ബി.ജെ.പി
കാഞ്ഞിരപ്പള്ളി ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ പിടിക്കുകയെന്ന ലക്ഷ്യത്തിലാണ് ബി.ജെ.പി. ക്രിസ്ത്യൻ വോട്ടുകളിൽ അൽഫോൺസ് കണ്ണന്താനമുണ്ടാക്കുന്ന വിള്ളലിലാണ് പ്രതീക്ഷ. കോട്ടയത്ത് മിനർവ മോഹനും കടുത്ത പ്രചരണത്തിലൂടെ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഏറ്റുമാനൂരിൽ വൈകിയെത്തിയ ടി.എൻ.ഹരികുമാറും പൂഞ്ഞാറിലെ എം.പി.സെന്നും ആളുകളെ നേരിൽക്കണ്ട് വോട്ടു തേടുകയാണ്.