കട്ടപ്പന: ദർശന ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ചലച്ചിത്രമേള കട്ടപ്പന സന്തോഷ് തിയറ്ററിൽ തുടങ്ങി. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് സജിൻ ബാബു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ദർശന പ്രസിഡന്റ് ഇ.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് കാഞ്ചിയാർ രാജൻ, സജിൻ ബാബുവിനെ ആദരിച്ചു. മഹാത്മാഗാന്ധി സർവകലാശാല സെനറ്റ് അംഗം ഡോ. എ.എസ്. സമേഷ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക പരാമർശം നേടിയ ബിരിയാണി ആയിരുന്നു ആദ്യചിത്രം. തുടർന്ന് തുർക്കി ചിത്രമായ അയ്‌ലയുദ്ധത്തിന്റെ മകൾ. കഴിഞ്ഞ വർഷത്തെ മികച്ച മലയാള സിനിമയായി തിരഞ്ഞെടുക്കപ്പെട്ട വാസന്തി എന്നിവ പ്രദർശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12ന് ഗുജറാത്തി ചിത്രം ഹെല്ലാരോ, 3ന് മികച്ച യുദ്ധ ചിത്രങ്ങളിലൊന്നായ 1917 എന്നിവ പ്രദർശിപ്പിക്കും. വൈകിട്ട് 5.30ന് നടക്കുന്ന സമാപന യോഗത്തിൽ ഇ.ജെ. ജോസഫിന്റെ 'അപഹൃത ജീവിതഗാഥകൾ' എന്ന ചലച്ചിത്ര ലേഖന സമാഹാരം സംവിധായകൻ ഡോൺ പാലത്തറ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പിന് നൽകി പ്രകാശനം ചെയ്യും. 6ന് സമാപന ചിത്രം 1956 മദ്ധ്യതിരുവിതാംകൂർ പ്രദർശിപ്പിക്കും.