
കോട്ടയം : പൂഞ്ഞാറിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ടോമി കല്ലാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 27 ന് എരുമേലിയിൽ രാഹുൽഗാന്ധിയെത്തുമ്പോൾ കോൺഗ്രസ് ലക്ഷ്യമിടുന്നത് ശബരിമല വിഷയം തന്നെ.
കഴിഞ്ഞ ദിവസം നടന്ന രാഹുലിന്റെ റോഡ് ഷോയിലും മറ്റും പൂഞ്ഞാർ മണ്ഡലം ഉൾപ്പെട്ടിരുന്നില്ല. തുടർന്നാണ് എരുമേലി തിരഞ്ഞെടുത്തത്. പത്തനംതിട്ട ജില്ലയിൽ പര്യടനത്തിനെത്തുന്ന രാഹുലിനെ എരുമേലിയിൽ എത്തിച്ച് നാടിളക്കിയുള്ള പ്രചാരണമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ശാസ്താ ക്ഷേത്രത്തിലും വാവരു പള്ളിയിലും രാഹുലെത്തിയേക്കുമെന്നാണ് അറിയുന്നത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിയമ നിർമാണം നടത്തുമെന്ന് യു.ഡി.എഫിന്റെ പ്രകടന പത്രികയിൽ പറയുന്നുണ്ട്. ഇക്കാര്യം രാഹുൽ വേദിയിൽ പ്രഖ്യാപിക്കും. കോൺഗ്രസിന്റെ ദേശീയ നേതാവ് ശബരിമല വിഷയത്തിൽ എരുമേലിയിൽ വിശ്വാസികൾക്ക് അനുകൂലമായി സംസാരിക്കുന്നത് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. സ്ഥാനാർത്ഥിക്കൊപ്പം റോഡ് ഷോയും ആളുകളെ നേരിട്ട കണ്ടുള്ള വോട്ട് തേടലുമെല്ലാം രാഹുലിന്റെ വരവിലുണ്ട്.