
കോട്ടയം: സാമ്പത്തിക വർഷാവസാനം, അവധി ദിവസങ്ങൾ, തിരഞ്ഞെടുപ്പ്. അടുത്തയാഴ്ച. ബാങ്കുകളുടെയും സർക്കാർ ഓഫീസുകളുടെയും പ്രവർത്തനം താളം തെറ്റും. ഏപ്രിൽ ഒന്നിന് സാമ്പത്തിക വർഷത്തെ വാർഷിക കണക്കെടുപ്പിനെ തുടർന്ന് ബാങ്കുകൾ അവധിയായിരിക്കും. പെസഹവ്യാഴാഴ്ച കൂടിയായ അന്ന് ജില്ലയിലെ സർക്കാർ ഓഫീസുകളിലേറെയും അടഞ്ഞു കിടക്കും.
എന്നാൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ഈ അവധിയുടെ ആനുകൂല്യം ലഭിക്കില്ല. ദുഃഖവെളളിയായ രണ്ടിനും ബാങ്ക് അവധിയാണ്. പിറ്റേന്ന് ശനിയാഴ്ചയാണെങ്കിലും, തെരഞ്ഞെടുപ്പിന് തൊട്ടുതലേന്നു വരുന്ന ശനിയാഴ്ചയായതിനാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ ആരും തന്നെ ബാങ്കിലും സർക്കാർ ഓഫീസിലും എത്തില്ല. നാലിന് ഈസ്റ്റർ, അന്നും പക്ഷെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് അവധിയുണ്ടാകില്ല. അഞ്ചു മുതൽ ഏഴു വരെ ബാങ്കുകൾ പ്രവർത്തിക്കുമെങ്കിലും, ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ബാങ്ക് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാങ്കുകളിൽ മതിയായ ഉദ്യോഗസ്ഥരുണ്ടാവില്ല. പല ബാങ്ക് ശാഖകളിലും സ്ട്രോങ്റൂം കീ കൈവശമുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള മുഴവൻ ജീവനക്കാരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
ഫലത്തിൽ ഏപ്രിൽ മാസത്തിലെ ആദ്യത്തെ ഏഴു ദിവസങ്ങൾക്കിടയിൽ ഒരു ശനിയാഴ്ച മാത്രമേ ബാങ്കുകൾ പ്രവർത്തിക്കൂ. തുടർച്ചയായി അവധി ലഭിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പായതിനാൽ ഉദ്യോഗസ്ഥർക്ക് പൂർണമായും ഇതിന്റെ ഫലം ലഭിക്കില്ല.
പക്ഷെ, സർക്കാരിന്റെ സേവനം ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് ഇരുട്ടടിയായി മാറും. ഡ്രൈഡേയായതിനാൽ ഏപ്രിൽ ഒന്നിനും രണ്ടിനും ബിവറേജസ് കോർപ്പറേഷനും ബാറുകളും അടച്ചിടും. സാമ്പത്തികവർഷാവസാനത്തെ കണക്കെടുപ്പായതിനാൽ മാർച്ച് 31ന് അടയ്ക്കുന്ന ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകൾ പിന്നീട് ഏപ്രിൽ മൂന്നിന് മാത്രമേ തുറക്കൂ. ഏപ്രിൽ നാല് വൈകിട്ട് ആറിന് തിരഞ്ഞെടുപ്പിന് മുന്നോടിയായി അടയ്ക്കുന്ന ഷോപ്പ് പിന്നീട് ആറാം തീയതി വൈകിട്ട് ആറു മണിയോടെ മാത്രമേ തുറക്കൂ.