kanjirapally

കോട്ടയം: പ്രചാരണം അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ കാഞ്ഞിരപ്പള്ളിയിൽ കാര്യങ്ങൾ കടുക്കുകയാണ്. ജില്ലയിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ അടിത്തട്ടിളക്കിയുള്ള പ്രചാരണത്തിലാണ് മുന്നണികൾ. മൂന്ന് മുന്നണികളും ദേശീയ നേതാക്കളെ ഇറക്കി പ്രചാരണം ശക്തമാക്കി.

പഴയ കാഞ്ഞിരപ്പള്ളിയല്ലാത്തതിനാൽ വിജയിയെ തീരുമാനിക്കുക ബി.ജെ.പി ആയിരിക്കും. നേരത്തെ സിറ്റിംഗ് എം.എൽ.എ ഡോ.എൻ. ജയരാജ് യു.ഡി.എഫിലായിരുന്നെങ്കിൽ ജോസിന്റെ മുന്നണി മാറ്റത്തോടെ എൽ.ഡി.എഫിലെത്തി. പതിറ്റാണ്ടുകൾക്ക് ശേഷം കൈപ്പത്തി ചിഹ്നവുമായി മണ്ഡലത്തിൽ ജോസഫ് വാഴയ്ക്കൻ വന്നത് കോൺഗ്രസ് പ്രവർത്തകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ ഏറ്റവും ശക്തനായ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിന്റെ സാന്നിദ്ധ്യമാണ് കാഞ്ഞിരപ്പള്ളിയുടെ ഫലം പ്രവചനാതീതമാക്കുന്നത്. മണ്ഡലത്തിൽ വ്യക്തി ബന്ധമുള്ള കണ്ണന്താനം ആരുടെയൊക്കെ വോട്ടുകൾ പിടിക്കുമെന്നാണ് ഏവരു ഉറ്റുനോക്കുന്നത്.

 വോട്ടുറപ്പിക്കാൻ ദേശീയ നേതാക്കളും

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ റോഡ് ഷോയോടെ പൊൻകുന്നത്ത് പടുകൂറ്റൻ കാമ്പയിൻ യു.ഡി.എഫ് ഒരുക്കിയപ്പോൾ പിറ്റേന്ന് ആഭ്യന്തര മന്ത്രി അമിത് ഷായേയും തൊട്ടടുത്ത ദിവസം സീതാറാം യച്ചൂരിയേയും ഇറക്കിയാണ് എൻ.ഡി.എയും എൽ.ഡി.എഫും മറുപടി നൽകിയത്. ബി.ജെ.പി ആദ്യമായി ഭരിക്കുന്ന പള്ളിക്കത്തോട് പഞ്ചായത്ത് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലാണ്. കണ്ണന്താനത്തിന്റെ ജൻമനാട് മണിമലയിലും. കോൺഗ്രസിന്റേയും കേരളാ കോൺഗ്രസിന്റേയും വോട്ടുകളിൽ വിള്ളൽ വീഴ്തത്താൻ കണ്ണന്താനത്തിനാവും. കഴിഞ്ഞ തവണ ബി.ജെ.പി ചോർത്തിയത് വലതു മുന്നണിയുടെ വോട്ടുകളാണ്. ഇതാണ് ഇരുമുന്നണികളും ബി.ജെ.പിയെ ഭയക്കാൻ കാരണം. കാഞ്ഞിരപ്പള്ളി, ചിറക്കടവ്, മണിമല, നെടുങ്കുന്നം, കങ്ങഴ, വാഴൂർ, പള്ളിക്കത്തോട്, വെള്ളാവൂർ പഞ്ചായത്തുകൾ ചേരുന്നതാണ് കാഞ്ഞിരപ്പള്ളി മണ്ഡലം. മണിമല, നെടുങ്കുന്നം, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളിലൊഴികെ വ്യക്തമായ സ്വാധീനമുണ്ട് ബി.ജെ.പിക്ക്. ഈ മൂന്ന് മണ്ഡലങ്ങളിൽ കണ്ണന്താനത്തിന് നേടാനാവുന്ന വോട്ടുകൾ കൂടി നോക്കിയാണ് ബി.ജെ.പിയുടെ പ്രതീക്ഷ. 30,000 അടിസ്ഥാന വോട്ടുകളുണ്ട് ബി.ജെ.പിക്ക് മണ്ഡലത്തിൽ. കണ്ണന്താനം വ്യക്തിപരമായി 15,​000 വോട്ടുകൾ കൂടി നേടിയാൽ വിജയിക്കുകയോ രണ്ടാം സ്ഥാനത്ത് എത്തുകയോ ചെയ്യാമെന്നാണ് കണക്കു കൂട്ടൽ.

 വോട്ടർമാർ-1,​86,​682

പുരുഷൻമാർ- 9,1207

സ്ത്രീകൾ-9,5474

ട്രാൻസ് ജെൻഡേഴ്സ്-1