jose-k-mani

കോട്ടയം: റബർ മരങ്ങൾ തണൽവിരിക്കുന്ന റോഡിലൂടെ പ്രചാരണവാഹനം നീങ്ങുന്നു. ജോസ് കെ. മാണിയുടെ കണ്ണുകൾ അനൗൺസ്‌മെന്റ് കേട്ട് വീടുകളിൽ നിന്ന് ഇറങ്ങിവരുന്നവരിലേക്ക്...

പ്രധാന റോഡുകളിലേക്ക് കയറുമ്പോൾ വേഗത കുറയ്‌ക്കാൻ ഡൈവറുടെ കാബിനിൽ തട്ടും. സ്വീകരണ കേന്ദ്രങ്ങളിൽ ആൾക്കൂട്ടത്തിലേക്ക്... കെ.എം. മാണിയുടെ ഓർമ്മ ഉണർത്തി സ്നേഹ ലാളനങ്ങളാൽ അവരെ വീർപ്പുമുട്ടിക്കും. പ്രസംഗത്തിൽ എതിരാളികളെ കുറ്റപ്പെടുത്തില്ല. പാലായുടെ സംസ്‌കാരം അതല്ലെന്നു പറഞ്ഞു വികസന സ്വപ്നങ്ങൾ പങ്കുവയ്‌ക്കും.

" അരനൂറ്റാണ്ട് പാലായുടെ മാത്രം എം.എൽ.എയും പല വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയുമായ മാണി സാറിന്റെ സ്വപ്നമായിരുന്നു പാലാ വികസന മോഡൽ. അത് യാഥാർത്ഥ്യമായി. "വീണ്ടും ഉയരങ്ങളിലേക്ക് പാലാ " അതാണ് ഇനി നമ്മുടെ മുദ്രാവാക്യം. എം.പി ആയപ്പോൾ ആ വികസന മോഡലിനാണ് ശ്രമിച്ചത്. ഇനി വേണ്ടത് കേരള ചരിത്രം മാറ്റി മറിക്കുന്ന തുടർ ഭരണത്തിൽ പാലായുടെ പങ്കാണ്. ഇടതു മുന്നണിക്കൊപ്പം ചേർന്നപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിക്കൊടുക്കാനായി. റബറിന് 250 രൂപ തറവില, കർഷക ക്ഷേമനിധി ബോർഡ്, 16 പച്ചക്കറി ഇനങ്ങൾക്ക് ന്യായവില. കർഷക രക്ഷയ്ക്കായി ഇതെല്ലാം നടപ്പാക്കുന്നത് നമ്മൾ ഇടതു മുന്നണിക്കൊപ്പം ചേർന്നത് കൊണ്ടാണ്.

ബഹുമാന്യരായ മാതാപിതാക്കളേ എന്നു തുടങ്ങുന്ന പ്രസംഗത്തിൽ ഇടതു മുന്നണിയുടെ അടയാളമായി പ്രിയ തൊഴിലാളി സുഹൃത്തുക്കളെ എന്ന സംബോധനയും.

സമയം പാലിക്കുന്നതിൽ ഏറെ ശ്രദ്ധിച്ചാണ് ജോസിന്റെ യാത്ര. കടനാട് പഞ്ചായത്തിൽ 32 കേന്ദ്രങ്ങളിൽ സ്വീകരണം. വാഹനത്തിൽ ഇരുന്നും നിന്നും കൈവീശിയുള്ള യാത്ര. ഇടയ്‌ക്ക് മാദ്ധ്യമ പ്രവർത്തകർക്ക് ഇന്റർവ്യൂ. ദാഹമകറ്റാൻ വെള്ളം,​ ലഘുഭക്ഷണമായി ബണ്ണ്,​ ശബ്ദം അടയ്ക്കാതിരിക്കാൻ ഇരട്ടി മധുരം. മാർച്ചിന്റെ തീപാറുന്ന വേനൽ ചൂട് വകവയ്‌ക്കാതെ മണ്ഡല പര്യടനം പൂർത്തിയാക്കാനുള്ള തിരക്കിലാണ് ജോസ്. ഇടതു മുന്നണിയിലെ പ്രമുഖ ഘടക കക്ഷിനേതാവെന്ന നിലയിൽ കേരളത്തിലെ മറ്റു മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തണം.

സ്വീകരണ യോഗങ്ങളിലെല്ലാം ചുവപ്പും വെള്ളയും നിറമുള്ള കേരളകോൺഗ്രസ് പതാക ചെങ്കൊടിയിൽ മുക്കിയ ഇടതു പ്രവർത്തകരുടെ ആവേശം . യോഗങ്ങളിൽ വൻ ജനപങ്കാളിത്തം.."ഭൂരിപക്ഷം എത്ര വരെ" എന്നു ചോദിച്ചാൽ നല്ല മുന്നേറ്റമെന്ന് നിറചിരിയോടെ മറുപടി...