
കോട്ടയം: പരമാവധി സ്ഥലങ്ങളിൽ പരമാവധി വോട്ടർമാരെ നേരിൽ കാണാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.അനിൽകുമാർ. പനച്ചിക്കാട് പഞ്ചായത്തിലെ പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്നലെ വിവിധ സ്ഥലങ്ങളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി. രാവിലെ ചാന്നാനിക്കാട്, കണിയാന്മല, പരുത്തുംപാറ, പനച്ചിക്കാട്, കച്ചേരിക്കവല, പാറക്കുളം, വെള്ളുത്തുരുത്തി, നെല്ലിക്കൽ, പടിയറക്കടവ് , താന്നിമൂട്, മാളികകടവ് തുടങ്ങിയിടങ്ങളിലെ വീടുകൾ സന്ദർശിച്ചു. ശേഷം പാറമ്പുഴ, മുട്ടമ്പലം, രാജമ്മക്കവല എന്നിവടങ്ങളിൽ മരണവീടുകളിലെത്തി. പൂവൻതുരുത്തു ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ഥാപനങ്ങളിൽ തൊഴിലാളികൾക്കൊപ്പം അൽപ്പസമയം ചെലവഴിച്ച ശേഷം കേരള കോൺഗ്രസ് എം നേതൃയോഗത്തിലും സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്ത യോഗത്തിലും പങ്കെടുത്തു. മണ്ഡലത്തിന്റെ വികസന മുരടിപ്പിനും നെറികേടിന്റെ രാഷ്ട്രീയത്തിനും എതിരെ ഇടതുമുന്നണി വിജയിക്കേണ്ടത് ആവശ്യമാണെന്ന് അനിൽകുമാർ പറഞ്ഞു.
ഇടതു മുന്നണിയുടെ വിജയത്തിനായി കുടുംബയോഗങ്ങളും തൊഴിലാളി, യുവജന, വിദ്യാർത്ഥി കൂട്ടായ്മകളും സംഘടിപ്പിക്കുമെന്നും മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി അഭിമാനകരമായ വിജയം നേടുമെന്നും നേതാക്കളായ അഡ്വ.വി.ബി ബിനു, ടി.ആർ രഘുനാഥൻ, എം.കെ പ്രഭാകരൻ എന്നിവർ അവകാശപ്പെട്ടു.