kappa

കോട്ടയം: പേരിനോടും ചിഹ്നത്തോടും സാമ്യമുള്ള അപരൻ പാലായിൽ മാണി സി. കാപ്പന്റെ എതിരാളിയായി ഇറങ്ങിയതിനെച്ചൊല്ലി വിവാദം.

" നേരിട്ടെതിർത്തു എന്നെ തോൽപ്പിക്കാൻ സാധിക്കില്ലെന്ന് ഉറപ്പായതിനാലാണ് അപരനെ ഇറക്കി തോൽപ്പിക്കാൻ പറ്റുമോയെന്ന് നോക്കുന്നതെന്ന് മാണി സി. കാപ്പൻ പറഞ്ഞു. ഇവിടെയെങ്ങും ആളെ കിട്ടാഞ്ഞിട്ട് കോതമംഗലത്തു നിന്ന് ഇറക്കുകയായിരുന്നുവെന്നാണ് അറിഞ്ഞത്. ഇത്തരം നടപടികൾ ഓരോരുത്തരുടെയും സംസ്കാരത്തിന്റെ ഭാഗമാണ് . നാലു തവണ പാലായിൽ മത്സരിച്ചു. അപരന്മാരായി കെ.എം മാണിമാരെയും ഇപ്പോൾ ജോസ് കെ. മാണിമാരെയും കിട്ടുമായിരുന്നു. ആ പേരുള്ള ചിലർ സമീപിച്ചിരുന്നു. വേണ്ടെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. താനൊരു സ്പോർട്സ്മാനാണ്. മാന്യമായി കളിച്ചു ജയിക്കണം. ചതിയും വഞ്ചനയും പാടില്ല. പേരിനോട് സാമ്യമുള്ളയാളെ നിർത്തുകയും സാമ്യമുള്ള ചിഹ്നം വാങ്ങിക്കുകയും ചെയ്തിരിക്കുകയാണ്. ദൈവം നീതി നടപ്പാക്കിക്കൊള്ളും. ആരെയും വഞ്ചിച്ചിട്ടില്ല. ഇടതു മുന്നണിക്ക് അട്ടിമറി ജയം നേടിക്കൊടുത്ത തനിക്ക് സീറ്റ് നൽകാതെ തന്നെയാണ് വഞ്ചിച്ചത് . എന്നിട്ടും താൻ വഞ്ചിച്ചുവെന്നാണ് ആരോപണം. ആരാണ് വഞ്ചന കാട്ടിയതെന്ന് പാലായിലെ വോട്ടർമാർക്ക് അറിയാം. ആരൊക്കെ എന്തൊക്കെ എതിരായി ചെയ്താലും താൻ വൻ ഭുരിപക്ഷത്തിന് ജയിക്കും- കാപ്പൻ പറഞ്ഞു.

കാപ്പനെതിരെ അപരനെ നിറുത്തിയത് അധമ പ്രവർത്തനമെന്ന് ആരോപിച്ച് യു.ഡി.എഫ് രംഗത്തെത്തി. പരാജയ ഭീതിയുള്ളവരാണ് ഇതിന് പിന്നിൽ. പാലാക്കാരുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുന്നതാണ് ഈ നടപടിയെന്ന് പ്രൊഫ. സതീഷ് ചൊള്ളാനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കുറ്റപ്പെടുത്തി.

വോട്ടിംഗ് യന്ത്രത്തിൽ സാമ്യമുള്ള പേര് അടുത്തടുത്ത് നൽകരുതെന്നാവശ്യപ്പെട്ട് കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കാപ്പന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി പരാതി നൽകി . വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നതിനാൽ ഇവ മാറ്റി നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ട്രക്കുമായി മറ്റൊരു മാണി

 പാലാ നിയമസഭാ തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ 11 സ്ഥാനാർത്ഥികളുള്ള ബാലറ്റ് പേപ്പറിൽ ഏഴാം പേരുകാരനാണ് മാണി സി. കാപ്പൻ. എട്ടാം പേരുകാരൻ മാണി സി. കുര്യാക്കോസ്. കാപ്പന്റെ ചിഹ്നം ട്രാക്ടറോടിക്കുന്ന കർഷകൻ. കുര്യാക്കോസിന്റെ ചിഹ്നം ട്രക്ക് .

കാപ്പൻ പുതുതായി രൂപീകരിച്ച കേരള എൻ.സി.പി പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരമില്ലാത്തതിനാൽ സ്വതന്ത്രന്മാരുടെ പട്ടികയിലാണ് കാപ്പൻ. അക്ഷരമാലാ ക്രമത്തിൽ അടുത്ത സ്വതന്ത്രന്റെ പേരാണ് ബാലറ്റ് പേപ്പറിൽ . കാപ്പന്റേത് അംഗീകൃത പാർട്ടിയായിരുന്നെങ്കിൽ അപരന്റെ സ്ഥാനം മറ്റ് സ്വതന്ത്രന്മാർക്കൊപ്പം മാറിയേനേ.