
കോട്ടയം: '' എല്ലാ പ്രതിസന്ധികളിലും കുടുംബവും പുതുപ്പള്ളിയും പാർട്ടിയും കേരളീയ സമൂഹവും കൂടെ നിന്നു. ജനങ്ങളുടെ പിന്തുണയും പ്രാർത്ഥനയുമാണ് എന്റെ ശക്തി. മന:സാക്ഷിയാണ് വഴികാട്ടി'' - സോളാർ കേസിൽ തെളിവില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉമ്മൻചാണ്ടി ഫേസ് ബുക്കിൽ കുറിച്ചു.
'' സോളാർ കേസിൽ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നു. അതിൽ പ്രത്യേകിച്ച് ആശ്വാസമോ ആഹ്ലാദമോ തോന്നിയില്ല. സത്യം മൂടിവയ്ക്കാൻ ആർക്കും സാധിക്കില്ലല്ലോ. അതിന്റെ തെളിവാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകൾ. 2018ൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ കോടതിയെപ്പോലും സമീപിച്ചില്ല. പൊലീസിന് എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നു.
നേരത്തെ ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മൂന്ന് തവണ അന്വേഷിച്ചിട്ടും യാതൊന്നും കണ്ടെത്തിയില്ല.സോളാർ കമ്മിഷൻ റിപ്പോർട്ടിൽ നിന്ന് പരാതിക്കാരിയുടെ കത്തുവരെ ഹൈക്കോടതി നീക്കം ചെയ്തു.
സുപ്രീംകോടതി റിട്ട ജഡ്ജ് ജസ്റ്റിസ് ഹരിജിത് പസായത്തിൽ നിന്ന് പിണറായി സർക്കാർ നിയമോപദേശം തേടിയപ്പോൾ കേസുമായി മുന്നോട്ടുപോകാനാവില്ലെന്നായിരുന്നു മറുപടി.
കേസിൽ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് കൈയിൽ വച്ചിട്ട് സംസ്ഥാന സർക്കാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കേസ് സി.ബി.ഐക്കു വിട്ടു. ഏതാണ്ട് ഒരു ദശാബ്ദത്തോളമാണ് ഈ കേസിന്റെ പേരിൽ വേട്ടയാടപ്പെട്ടത്. അമ്പതു വർഷത്തിലധികം പൊതുസമൂഹത്തിന്റെ മുന്നിൽ എല്ലാ വാതിലുകളും തുറന്നിട്ടാണ് ജീവിച്ചത്. ജനങ്ങളുടെ മുന്നിൽ മറയ്ക്കാനൊന്നുമില്ല'' ഉമ്മൻചാണ്ടി ഫേസ് ബുക്കിൽ കുറിച്ചു.