അടിമാലി: ഹൈറേഞ്ചിന്റെ കാർഷിക മേഖലക്ക് നേരിയ ആശ്വാസമായി വേനൽ മഴ.അടിമാലി ഉൾപ്പെടെയുള്ള ഇടങ്ങളിൽ വ്യാഴാഴ്ച്ച ഉച്ചക്കു ശേഷം കനത്ത മഴ പെയ്തു.കാത്തിരുന്ന് പെയ്ത വേനൽമഴ കനത്ത ചൂടിന് കുറവു വരുത്തിയതിനൊപ്പം കാർഷിക മേഖലക്കും ആശ്വാസമാകും.വേനൽ കനത്തതോടെ ഏലം ഉൾപ്പെടെയുള്ള കൃഷിവിളകൾക്ക് ഉണക്ക് ബാധിക്കുന്ന സാഹചര്യമുണ്ടായിരുന്നു.പലയിടങ്ങളിലും ഏലച്ചെടികൾ ഉണങ്ങി നശിച്ചു.ഏത്തവാഴയുൾപ്പെടെയുള്ള തന്നാണ്ട് വിളകൾക്കും കത്തുന്ന വെയിൽ ഭീഷണി ഉയർത്തിയിരുന്നു.ഒറ്റപ്പെട്ട് പെയ്ത വേനൽ മഴ കർഷകർക്ക് നേരിയ ആശ്വാസം നൽകുന്നു.വേനൽ കനത്തത് പലയിടത്തും ഏലകൃഷി പരിപാലനവും പ്രതിസന്ധിയിലാക്കിയിരുന്നു.പുഴകളിലെയും അണക്കെട്ടുകളിലെയും ജലനിരപ്പ് താഴ്ന്നതിനൊപ്പം അരുവികളും ചെറു ഉറവകളുമൊക്കെ വറ്റി വരണ്ട സാഹചര്യമുണ്ട്.പലമേഖലകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.വേനൽ ഇനിയും കടുത്താൽ സ്ഥിതി രൂക്ഷമാകുമെന്നിരിക്കെ വരും ദിവസങ്ങളിൽ കൂടുതൽ വേനൽമഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹെറേഞ്ചിലെ കർഷകർ.