കുമരകം : നെൽവയലിൽ കൃഷിക്കായി വെള്ളം കയറ്റാൻ വർഷങ്ങളായി കർഷകർ ഉപയോഗിച്ച് കൊണ്ടിരുന്ന പൊതുചാൽ അടച്ചത് പ്രതിഷേധത്തെ തുടർന്ന് വീണ്ടും തുറന്നു. പടിഞ്ഞാറേ പള്ളിക്കായലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മൂന്ന് കർഷകരാണ് കിഴക്കുഭാഗത്തേക്ക് വേമ്പനാട്ട് കായലിൽ നിന്ന് വെള്ളം കയറ്റി കൊണ്ടു പോകുന്ന പൊതുചാൽ അടച്ചത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
60 ഏക്കറുള്ള പാടത്ത് കൃഷി ഇറക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെയാണ് കർഷകർ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് പരാതി നൽകിയത്. പാടത്തിന്റെ വടക്കേപ്പുറംബണ്ട് നാലുപങ്ക് - മെത്രാൻകായൽ റോഡാണ്. റോഡരികിലുള്ള ചാലിൽ കൂടെയാണ് കിഴക്കേ അറ്റം വരെയുള്ള കർഷകർ തങ്ങളുടെ നിലത്തേക്ക് ആവശ്യമുള്ള വെള്ളം എത്തിച്ചിരുന്നത്. ഇത് അടച്ചതോടെ കഴിഞ്ഞ പുഞ്ചക്കൃഷി നഷ്ടമായി. നിലം ഉണങ്ങി മണ്ണിന് പുളിരസമായി. ചില കർഷകരുടെ നെല്ല് നനയ്ക്കാൻ ആകാതെ ഉണങ്ങി കരിഞ്ഞു.
ലഭിച്ചത് പകുതി വിളവ്
വെള്ളം കയറ്റി കൃഷി ചെയ്ത കർഷകർക്ക് ഏക്കറിന് 30 ക്വിന്റൽ നെല്ല് ലഭിച്ചപ്പോൾ മറ്റുള്ളവർക്ക് പകുതി വിളവ് പോലും ലഭിച്ചില്ല. പാടത്തേക്ക് ട്രാക്ടർ ഇറക്കാനും കൊയ്ത്ത് കഴിഞ്ഞ നെല്ല് വാഹനത്തിൽ കയറ്റി അയയ്ക്കാനും താത്കാലികമായാണ് ചാലും പാടവും മണ്ണിട്ടുയർത്തുന്നതെന്നാണ് വിശദീകരണം.