party-mask-1

പ്രളയകാലത്തെ മീനച്ചിലാർ പോലെയാണിപ്പോൾ കോട്ടയം. പാലായിലുണ്ടായ രാഷ്ട്രീയ ഉരുൾപൊട്ടലിൽ കലങ്ങി മറിഞ്ഞ് കുതിച്ചൊഴുകുകയാണ്. എവിടെ എന്തൊക്കെ തകർക്കുമെന്ന് ഒരു നിശ്ചയവുമില്ല. എല്ലാം കലങ്ങി തെളിയുമെന്ന് യു.ഡി.എഫ് കരുതുമ്പോൾ യു.ഡി.എഫിന്റെ വോട്ടുകൾകൂടി ഇങ്ങുപോരുമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. ജോസ് കെ.മാണിയിലൂടെ കോട്ടയത്തെ യു.ഡി.എഫ് കോട്ടകൾ തകർക്കാമെന്ന എൽ.ഡി.എഫിന്റെ സ്വപ്നം നടപ്പാകുമോയെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണിത്. കേരളാ കോൺഗ്രസുകാരാകട്ടെ ജയത്തിനായി പതിനെട്ടടവും പയറ്റും.കേരളാ കോൺഗ്രസിലെ പിളർപ്പ് ആദ്യമല്ലെങ്കിലും ഇക്കുറി കാര്യം നിസാരമല്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കോട്ടയിൽ വിള്ളലുണ്ടായി. ജില്ലാ പഞ്ചായത്തടക്കം ഇടതു മുന്നണി പിടിച്ചെടുത്തു. 9 മണ്ഡലങ്ങളിലും ഇത്തവണ പൊരിഞ്ഞ പോരാട്ടമാണെങ്കിലും പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി എന്നിങ്ങനെ കേരളാകോൺഗ്രസിന്റെ ഈറ്റില്ലങ്ങളിൽ ഇനി എന്ത് സംഭവിക്കുമെന്നാണ് അറിയേണ്ടത്. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി, പി.സി.ജോർജിന്റെ സാന്നിദ്ധ്യത്താൽ ചതുഷ്‌കോണ മത്സരം നടക്കുന്ന പൂഞ്ഞാർ, ലതികാ സുഭാഷിന്റെ വരവിൽ ശ്രദ്ധേയമായ ഏറ്റുമാനൂർ, ബി.ജെ.പി കണ്ണുവയ്ക്കുന്ന കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങൾകൊണ്ടും കോട്ടയം ശ്രദ്ധാകേന്ദ്രമാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഒമ്പതിൽ ആറ് സീറ്റും യു.ഡിഎഫ് നേടി. വർഷങ്ങളായി കൂടെയുള്ള വൈക്കം ,ഏറ്റുമാനൂർ മണ്ഡലങ്ങളിൽ മാത്രമാണ് ഇടതുമുന്നണിക്ക് ജയിക്കാനായത്.ഉപതിരഞ്ഞെടുപ്പിൽ പാലാ മാണി സി.കാപ്പനിലൂടെ തിരിച്ചു പിടിച്ചെങ്കിലും കാപ്പൻ പിണങ്ങിയതോടെ പാലാ യു.ഡി.എഫിന്റേതായി.

പാലാ, കടുത്തുരുത്തി, പിന്നെ ചങ്ങനാശേരി

പാലായിൽ ജോസ് കെ.മാണി ഇടതു മുന്നണിക്ക് മിത്രമായപ്പോൾ അതുവരെ കൂടെ നിന്ന മാണി സി.കാപ്പൻ ശത്രുവായി. കെ.എം. മാണിയുടെ സീറ്റ് എങ്ങനെയും തിരിച്ചുപിടിക്കുകയാണ് ജോസിന്റെ ലക്ഷ്യമെങ്കിൽ

യു.ഡി.എഫിന്റെ നേതൃത്വത്തിൽ സീറ്റ് ഉറപ്പിക്കാനാണ് കാപ്പന്റെ പോരാട്ടം.ജെ. പ്രമീളാദേവിയാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി. ജോസ് -ജോസഫ് വിഭാഗങ്ങളുടെ നേരിട്ടുള്ള മത്സരം കൊണ്ട് ശ്രദ്ധേയമായ മണ്ഡലങ്ങളാണ് കടുത്തുരുത്തിയും ചങ്ങനാശേരിയും. ഇവിടെ നിഷ്പക്ഷ വോട്ടുകളാകും ഗതി നിർണയിക്കുക. കടുത്തുരുത്തിയിൽ യു.ഡി.എഫിലെ മോൻസ് ജോസഫും എൽ.ഡി.എഫിലെ സ്റ്റീഫൻ ജോർജുമാണ് ഏറ്റുമുട്ടുന്നത്.യുവനേതാവ് ലിജിൻലാലാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ചങ്ങനാശേരിയിൽ ജോബ് മൈക്കിളാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയെങ്കിൽ വി.ജെ. ലാലിയാണ് യു.ഡി.എഫിനായി ഇറങ്ങുന്നത്. ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥിയും മുൻ കോൺഗ്രസ് നേതാവുമായ ജി.രാമൻനായർ നേടുന്ന വോട്ടുകളും നിർണായകമാകും.

പുതുപ്പള്ളിയും കോട്ടയവും

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്വന്തം പുതുപ്പള്ളിയിൽ അദ്ഭുതങ്ങളൊന്നും നടക്കാൻ പോകുന്നില്ലെന്ന് കോൺഗ്രസുകാർക്ക് ഉറപ്പുണ്ട്.എങ്കിലും എൽ.ഡി.എഫിലെ ജയ്ക്ക് സി. തോമസും എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരിയും പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. ഉമ്മൻചാണ്ടി പതിവുപോലെ 139 മണ്ഡലങ്ങളിലെ യു.ഡിഎഫ് സ്ഥാനാർത്ഥികൾക്കായുള്ള പ്രചാരണത്തിലാണ്. അവസാന റൗണ്ടിൽ പതിവ് പോലെ ഒാട്ട പ്രദക്ഷിണം നടത്തി പുതുപ്പള്ളിക്കാരുടെ മനസിളക്കാൻ ഉമ്മൻചാണ്ടിയെത്തും. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനെതിരായി എൽ.ഡി.എഫിലെ കെ.അനിൽകുമാറും എൻ.ഡി.എയിലെ മിനർവ മോഹനും പ്രചാരണം തുടരുകയാണ്.

ഏറ്റുമാനൂരും പൂഞ്ഞാറും വൈക്കവും

ഏറ്റുമാനൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ.വാസവനെതിരെ ജോസഫ് ഗ്രൂപ്പിലെ പ്രിൻസ് ലൂക്കോസും എൻ.ഡി.എയിലെ ടി.എൻ.ഹരികുമാറുമാണ് പോരാടുന്നത്.അധികാര കേന്ദ്രങ്ങളിൽ സ്ത്രീകളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് വേദനയോടെ മുടിമുറിച്ച് പാർട്ടി വിട്ട ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്രയാകുമ്പോൾ ആരുടെ വോട്ടുകളാണ് ഇളകുന്നതെന്നും കണ്ടറിയണം.കഴിഞ്ഞ തവണത്തെപ്പോലെ മൂന്ന് മുന്നണികളെയും വെല്ലുവിളിച്ച് ഒറ്റയ്ക്ക് നെഞ്ചും വിരിച്ച് പൂഞ്ഞാറിൽ മത്സരിക്കുന്ന പി.സി.ജോർജ് നിയസഭയിലെത്തുമോയെന്നും കാത്തിരുന്ന് കാണണം.യു.ഡിഎഫ് സ്ഥാനാർത്ഥി ടോമി കല്ലാനിയും ഇടതു സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലും എൻ.ഡി.എ സ്ഥാനാർത്ഥി എം.പി സെനും പ്രചാരണം ശക്തമാക്കിയതോടെ പൂഞ്ഞാറിൽ എന്തും സംഭവിക്കാം. വനിതകളുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമായ വൈക്കത്ത് സി.പി.ഐയുടെ സിറ്റിംഗ് എം.എൽ.എ സി.കെ.ആശയാണ് ഇടത് സ്ഥാനാർത്ഥി. മുൻ കോട്ടയം നഗരസഭാദ്ധ്യക്ഷ ഡോ.പി.ആർ.സോനയും ബി.ഡി.ജെ.എസിലെ അജിതാ സാബുവും വെല്ലുവിളിയോടെ രംഗത്തുണ്ട്.

എ ക്ളാസ് കാഞ്ഞിരപ്പള്ളി

ബി.ജെ.പി എ ക്ളാസ് മണ്ഡലമായി കരുതുന്ന കാഞ്ഞിരപ്പള്ളിയിൽ എ ക്ളാസ് സ്ഥാനാർത്ഥിയായ അൽഫോൺസ് കണ്ണന്താനം വന്നതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് വേദിയാകുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കന് വേണ്ടി രാഹുൽ ഗാന്ധിയെ കാഞ്ഞിരപ്പള്ളിയിൽ ഇറക്കിയപ്പോൾ കേന്ദ്ര ആഭ്യന്തര അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കളാണ് കണ്ണന്താനത്തിനായി കാഞ്ഞിരപ്പള്ളിയിലെത്തിയത്. ഇടത് സ്ഥാനാർത്ഥി ജോസ് വിഭാഗം സിറ്റിംഗ് എം.എൽ.എ ഡോ.എൻ.ജയരാജിനായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മന്ത്രിമാരും കളത്തിലിറങ്ങിയിട്ടുണ്ട്.