
കോട്ടയം: നേരം പുലരുന്നതോടെ പ്രചാരണവാഹനങ്ങൾ തലങ്ങും വിലങ്ങും പായുകയാണ്. മൈക്കുകളിലൂടെ വോട്ട് അഭ്യർത്ഥിച്ച് ജനത്തെ ആവേശത്തിലാക്കുകയാണ് മുന്നണികൾ. എന്നാൽ, സ്ഥാനാർത്ഥികളാവട്ടെ, വോട്ടുകൾ ഉറപ്പിക്കാൻ ഒാരോ കേന്ദ്രങ്ങൾ മുൻകൂട്ടി നിശ്ചയിച്ച് പ്രവർത്തകരോടൊപ്പം എത്തുകയാണ്. സ്വീകരണ യോഗങ്ങളിൽ രണ്ടും മൂന്നും മിനിറ്റ് സംസാരിച്ചശേഷം അടുത്ത പോയിന്റുകളിലേക്ക് കടക്കുകയാണ് മൂന്ന് മുന്നണി സ്ഥാനാർത്ഥികളും. ചുരുക്കത്തിൽ പ്രചാരണത്തിന്റെ നാലാം ഘട്ടത്തിലേക്ക് കോട്ടയം കടന്നു.
വോട്ടർമാരെ ഒന്നുകൂടി നേരിൽ കണ്ട് വോട്ടുകൾ ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് സ്ഥാനാർത്ഥികൾ.
കോട്ടയത്ത് മത്സരം യു.ഡി.എഫും എൽ.ഡി.എഫും നേർക്കുനേർ ആണ്. എന്നാൽ ഒട്ടും പിറകിലല്ലാതെ ബി.ജെ.പി യുടെ മിനർവ മോഹനനുമുണ്ട്. . കഴിഞ്ഞദിവസം കുമാരനല്ലൂരിൽ എത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ വികസനത്തിന് ഒരു വോട്ട് എന്നാണ് അഭ്യർത്ഥിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പദ്ധതികൾ എണ്ണിയെണ്ണി പറഞ്ഞാണ് തിരുവഞ്ചൂർ വോട്ടുകൾ തേടന്നത്. അതേ സമയം തുടർഭരണത്തിന് വോട്ട് തരണമെന്നാണ് ഇടുതുമുന്നണി സ്ഥാനാർത്ഥി അഡ്വ.കെ. അനിൽകുമാർ ആവശ്യപ്പെടുന്നത്.
ഇടതുമുന്നണി സർക്കാർ ചെയ്തിട്ടുള്ള ഒരോ പദ്ധതികളും അനിൽകുമാർ ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി സ്ഥാനാർത്ഥി മിനർവ മോഹൻ കൊല്ലാട് മേഖലയിൽ വീടുകൾ കയറിയിറങ്ങി ഇന്നലെ വോട്ടുകൾ തേടി.
2016ലെ തിരഞ്ഞെടുപ്പിൽ 33,632 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സി.പി.എമ്മിലെ റെജി സഖറിയയെ പരാജയപ്പെടുത്തിയത്. തിരുവഞ്ചൂരിന് 73,894 വോട്ടും റെജിക്ക് 40,262 വോട്ടുകളുമാണ് ലഭിച്ചത്. ബി.ജെ.പിയിലെ എം.എസ്. കരുണാകരൻ 12,582 വോട്ടുകളും നേടി.
കോട്ടയത്ത് ഇക്കുറി ആറ് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. മുന്നണികളെ കൂടാതെ ബഹുജൻ സമാജ് പാർട്ടിയുടെ ശ്രീകുമാർ ചക്കാല, അഖില ഭാരതീയ ഹിന്ദു മഹാസഭയിലെ അരുൺ മങ്ങാട്ട്, എസ്.യു.സി.ഐയിലെ എം.കെ ഷഹസാദ് എന്നിവരും രംഗത്തുണ്ട്. 1,65,261 വോട്ടർമാരാണ് ഇക്കുറി കോട്ടയം നിയമസഭ മണ്ഡലത്തിലുള്ളത്. ഇതിൽ 85,431 വോട്ടർമാർ സ്ത്രീകളാണ്. 79,830 പുരുഷവോട്ടർമാരും.