
കോട്ടയം : ജനമനസുകൾ കീഴടക്കി ഗ്രാമങ്ങളെ തൊട്ടുണർത്തി പാലായിലെ ഇടത് - വലത് - എൻ.ഡി.എ സ്ഥാനാർത്ഥികൾ പ്രചാരണം കൊഴുപ്പിച്ചു. ഇടത് സ്ഥാനാർത്ഥി ജോസ് കെ മാണി കടനാട് പഞ്ചായത്തിലെ 58 കേന്ദ്രങ്ങളിലായിരുന്നു പ്രചാരണം. നീലൂരിൽ പകൽ വെളിച്ചത്തിൽ തുടങ്ങിയ പ്രചാരണം എൽ.ഇ.ഡി ബൾകളുടെ വെള്ളിവെളിച്ചത്തിൽ ചിറകണ്ടത്ത് സമാപിക്കുമ്പോഴും രാവിലത്തെ ഊർജ്വസലതയിലായിരുന്നു ജോസ്. ഓരോ പോയിന്റും ചുവപ്പ് തോരണങ്ങളാലും ചെങ്കൊടിയാലും മുക്കി സ്വീകരണം കൊഴുപ്പിക്കാൻ സി.പി.എം പ്രവർത്തകരും മുന്നിട്ടുനിന്നു. പത്തു വർഷം എം.പി എന്ന നിലയിൽ ചെയ്ത വികസനപ്രവർത്തനങ്ങൾക്കൊപ്പം അരനൂറ്റാണ്ടായി കെ.എം.മാണി പാലായിൽ ചെയ്ത വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായി "വീണ്ടു ഉയരങ്ങളിലേക്ക് പാലാ " എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രചാരണം. " ഗ്ലോബൽ ബ്രാൻഡായി പാലായെ ഉയർത്തുകയാണ് ലക്ഷ്യം. എതിരാളികളുടെ കള്ളപ്രചാരണങ്ങൾക്കും വിമശനങ്ങൾക്കും മറുപടി പറയാനില്ല. അത് പാലായുടെ സംസ്കാരമല്ല. പ്രതിസന്ധികളിലും പരീക്ഷണങ്ങളിലും പാലായിലെ ജനങ്ങൾ ഒപ്പം നിന്നു. രാഷ്ട്രീയ നിലപാട് ശരിയെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ഒരു സഹോദരനായി ,സുഹൃത്തായി കുടുംബാംഗമായി എപ്പോഴും ഞാനുണ്ടാകും. രാപ്പകലില്ലാതെ എപ്പോഴും സമീപിക്കാം. " ചെറിയ വാചകങ്ങളിൽ ആത്മാർത്ഥത നിറഞ്ഞ സംസാരത്തെ കൈയടിയോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.
വികസനനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കാപ്പൻ
ചേർപ്പുങ്കൽ പള്ളിക്കവലയിൽ നിന്നായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ കൊഴുവനാൽ മണ്ഡല പര്യടനം. കേരള കോൺഗ്രസ് ജോസഫ് ജനറൽ സെക്രട്ടി ജോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. പാലായുടെ സമഗ്ര വികസനത്തിന് ദീർഘ വീക്ഷണവും കാര്യപ്രാപ്തിയുമുള്ള കാപ്പനെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. " 16 മാസം മാത്രം എം.എൽഎയായിട്ടും 462 കോടിയുടെ വികസനം പാലായിൽ കൊണ്ട് വന്നതായി സ്വീകരണ യോഗങ്ങളിൽ കാപ്പൻ പറഞ്ഞു. മൂന്നര വർഷം രാജ്യസഭാംഗമെന്ന നിലയിൽ പ്രവർത്തിക്കാമായിരുന്നിട്ടും അത് രാജിവെച്ചാണ് ജോസ് കെ മാണി മത്സരിക്കുന്നത്. പാലായിൽ ഇടതു മുന്നണിയ്ക്ക് അരനൂറ്റാണ്ടിന് ശേഷം അട്ടിമറിജയം നേടിക്കൊടുത്തിട്ടും സീറ്റ് നിഷേധിച്ചു. എന്നിട്ട് ഞാൻ വഞ്ചിച്ചെന്നാണ് പ്രചാരണം. എനിക്കെതിരെ റിബലിനെയും നിറുത്തിയിരിക്കുകയാണ്. എല്ലാ മറിയാവുന്ന പാലായിലെ ജനങ്ങൾ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നുറപ്പുണ്ടെന്നും കാപ്പൻ പറഞ്ഞു. സ്വീകരണയോഗത്തിൽ ചാണ്ടി ഉമ്മൻ എത്തിയതോടെ ആവേശം ഇരട്ടിയായി.
പാലായ്ക്കും വേണ്ടേ വനിതാ എം.എൽ.എ : പ്രമീളാദേവി
പാലായ്ക്ക് ഒരു വനിതാ എം.എൽ.എ ഇനി വേണ്ടേ എന്ന ചോദ്യത്തോടെയാണ് എൻ.ഡി.എ സ്ഥാനാർത്ഥിയും മുൻ വനിതാ കമ്മിഷൻ അംഗവുമായ ഡോ.പ്രമീളാ ദേവിയുടെ പ്രചാരണം. സ്ത്രികൾ കൂടുതലുള്ള സ്വീകരണ കേന്ദ്രങ്ങളിൽ അവരിലൊരാളായി ഇഴകി ചേർന്ന് സംസാരിക്കുമ്പോൾ വാഴൂർ എൻ.എസ്.എസ് കോളേജിൽ വിദ്യാർത്ഥികളെ പിടിച്ചിരുത്തുന്ന പഴയ അദ്ധ്യാപികയാകും. വോട്ടർമാർ വിദ്യാർത്ഥികളാകും. മുരിക്കുംപുഴയിലെ ആൻസ് ഫുഡ് പ്രോഡക്ടസ് നിർമാണ യൂണിറ്റിലെ ജീവനക്കാരികളെ ഒന്നിച്ച് കണ്ടപ്പോൾ സന്തോഷമായി. വനിതാ കമ്മിഷൻ അംഗമായിരുന്ന കാലത്തെ സ്ത്രീകൾ നേരിടുന്ന അനുഭവകഥകളുടെ നേർസാക്ഷ്യം അവർക്കു മുന്നിൽ അവതരിപ്പിച്ചു. സ്ത്രീകൾക്കായുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ വിശദീകരിക്കുന്നതിനൊപ്പം സ്ത്രീകളുടെ അവകാശ വാദങ്ങളെക്കുറിച്ചുള്ള ബോധവത്കരണവുമായി പാലായുടെ സ്ത്രീമനസ് കീഴടക്കാൻ അടുത്ത പോയിന്റിലേക്ക് പ്രമീളാ ദേവി തൊഴുകൈയോടെ നിറചിരിയുമായി നീങ്ങി.