
മുണ്ടക്കയം : പാറത്തോട് ടൗണിൽ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി പി.സി.ജോർജ് പ്രസംഗിക്കുന്നതിനിടെ ഇടതുമുന്നണിയുടെ പ്രചാരണ വാഹനം കടന്നുപോയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ഇടത് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പ്രചാരണം വാഹനം കടന്നു പോകുന്നതിനിടെ ജോർജ് ഇത് ചോദ്യം ചെയ്തു. ഇതിനിടയിൽ വാഹന ഡ്രൈവറെ കൈയേറ്റം ചെയ്തതായും ആക്ഷേപം ഉയർന്നതോടെ സി.പി.എം പ്രവർത്തകരും ഇരച്ചെത്തി. ജനപക്ഷം പ്രവർത്തകരുമായി ഏറെനേരം ഉന്തുതള്ളുമുണ്ടായി. തുടർന്ന് നാട്ടുകാർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഈരാറ്റുപേട്ടയ്ക്ക് പിന്നാലെ പാറത്തോട്ടിലും തന്നെ വോട്ടു ചോദിക്കാൻ പോലും ചിലർ സമ്മതിക്കുന്നില്ലന്നും അതിനാൽ പാറത്തോട്ടിലെ വോട്ട് അഭ്യർത്ഥന ഉപേക്ഷിച്ചതായും ജോർജ് പറഞ്ഞു.
എന്നാൽ 10 വർഷം മുമ്പ് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പാറത്തോട്ടിൽ മിനി ഇൻഡസ്ട്രിയൽ പദ്ധതി നടപ്പിലാക്കുമെന്ന ജോർജിന്റെ പ്രഖ്യാപനം നടപ്പാക്കാത്തത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ എം.എൽ.എ നാട്ടുകാരോട് മോശമായി സംസാരിക്കുകയായിരുന്നുവെന്ന് സി.പി.എം ഏരിയ സെക്രട്ടറി കെ.രാജേഷ് പറഞ്ഞു.