aniraja

കോട്ടയം: ജാതി എന്തെന്നറിയാത്ത ദന്തഗോപുര വാസികളായ സുപ്രീം കോടതി ജഡ്ജിമാരാണ് ജാതിസംവരണം അവസാനിപ്പിക്കണമെന്ന പരാമർശം നടത്തുന്നതെന്ന് ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനിരാജ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള മറുമരുന്നല്ല സംവരണം. പട്ടിണി ദാരിദ്യം എന്നിവ ഇല്ലാതാക്കാൻ പലിശ രഹിത വായ്പ നൽകുകയാണ് വേണ്ടത് അല്ലാതെ സാമ്പത്തിക സംവരണമല്ല .മനുസ്മൃതിയിൽ വിശ്വസിക്കുന്ന മനുവാദ ശക്തികൾ ഇന്ത്യൻ ജുഡീഷ്യറിയിൽ കടന്നുകയറ്റം നടത്തുന്നതിന്റെ തെളിവാണിത്. ദളിതർക്ക് അർഹമായ പ്രാതിനിദ്ധ്യം സുപ്രീ കോടതിയിൽ ഇല്ലാത്തതാണ് ഇത്തരം കാഴ്ചപ്പാടുകൾ ശക്തിപ്പെടാൻ കാരണം. .

കേരളത്തിൽ വനിതാ മുഖ്യമന്ത്രി വേണമെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടെങ്കിലും അതല്ല പ്രശ്നം. ലിംഗ വ്യത്യാസമില്ലാതുള്ള തുല്യതയാണ് ആവശ്യം .നാളെ ഭക്ഷണത്തിനും ചികിത്സക്കും ആശങ്കയില്ലെന്ന അവസ്ഥ സ്ത്രീകളിലുണ്ടാക്കാൻ .ഇടതു മുന്നണിക്ക് കഴിഞ്ഞു. കേരളത്തിലെ സ്ത്രീകൾ വിഡ്ഢികളല്ലെന്ന് യു.ഡി.എഫ് നേതാക്കൾ മനസിലാക്കണം.. ലതികാ സുഭാഷിന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചത് ശരിയല്ലെന്നാണ് കോൺഗ്രസ് നേതാക്കൾ വിമർശിച്ചത് . മുല്ലപ്പള്ളിയും ചെന്നിത്തലയും പറയും പോലെയേ ഒരു സ്ത്രീ പ്രതിഷേധിക്കാവൂ എന്നു പറയുന്നത് കോൺഗ്രസിലെ പുരുഷ മേധാവിത്വത്തിന്റെ തെളിവാണെന്നും ആനി രാജ പറഞ്ഞു.