
കട്ടപ്പന: യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹർത്താൽ ഹൈറേഞ്ചിൽ പൂർണം. സ്വകാര്യ ബസുകൾ ഓടിയില്ലെങ്കിലും കെ.എസ്.ആർ.ടി.സി. ബസുകൾ പതിവുപോലെ സർവീസ് നടത്തി. യാത്രക്കാർ കുറവായിരുന്നെങ്കിലും കട്ടപ്പന ഡിപ്പോയിലെ 26 ബസുകളും ഓപ്പറേറ്റ് ചെയ്തു. കൂടാതെ സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി. എവിടെയും വാഹനങ്ങൾ തടഞ്ഞില്ല. രാവിലെ യു.ഡി.എഫ്. പ്രവർത്തകർ കട്ടപ്പനയിൽ പ്രകടനവും യോഗവും നടത്തി. ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, എ.ഐ.സി.സി. നിരീക്ഷകൻ യു.ബി. വെങ്കിടേഷ്, ഉടുമ്പൻചോലയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ഇ.എം. ആഗസ്തി തുടങ്ങിയവർ നേതൃത്വം നൽകി.