
കോട്ടയം: മാനത്ത് കാറ് കയറിയാൽ കർഷകർക്ക് ആധിയാണ്. വേനൽ മഴ ശക്തമായതോടെ കൊയ്യാൻ പാകമായ ഏക്കറുകണക്കിന് പാടത്തെ നെല്ല് വെള്ളത്തിലാവുമോയെന്നാണ് കർഷകർക്ക് ഭയം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെതുടർന്ന് പല പാടശേഖരങ്ങളിലും കൊയ്ത്ത് യന്ത്രങ്ങൾ താഴ്ന്നു. പാടത്ത് പ്രവർത്തിക്കുന്ന മറ്റ് യന്ത്രങ്ങൾ കൊണ്ടുവന്ന് കെട്ടിവലിച്ചാണ് താഴുന്ന കൊയ്ത്ത് യന്ത്രങ്ങൾ ചതുപ്പിൽ നിന്നും കരകയറ്റുന്നത്.
മണിക്കൂറുകൾക്കാണ് കൊയ്ത്ത് യന്ത്രങ്ങൾക്ക് കൂലി. മഴ പെയ്യുന്നതോടെ കൊയ്യാനും കൂടുതൽ സമയം എടുക്കുകയാണ്. യന്ത്രം താഴ്ന്നാൽ അത് ഉയർത്തുന്നതുവരെയുള്ള കൂലി കർഷകർക്ക് നല്കേണ്ടതായും വരുന്നു.
തൃക്കോതമംഗലം, ഞാലിയാകുഴി, പനച്ചിക്കാട്, പാത്താമുട്ടം മേഖലകളിൽ പാടത്തുതന്നെ നെല്ല് കൂട്ടിയിട്ട് കാവൽക്കിടക്കുകയാണ് കർഷകർ. എന്ന് നെല്ല് തൂക്കി ലോറിയിൽ കയറ്റുമെന്ന് കർഷകർക്ക് അറിയില്ല.
കൊയ്ത് എടുത്ത നെല്ല് കൊണ്ടുപോവാൻ മില്ലുടമകൾ മടികാട്ടുകയാണെന്ന് കർഷകർ പരാതിപ്പെട്ടു. മഴ പെയ്യുന്നതോടെ കൊയ്തെടുത്ത നെല്ലിന് ഈർപ്പം കൂടും. ഇതോടെ മില്ലുടമകൾ കിഴിവ് കൂടുതൽ ആവശ്യപ്പെടുന്നതായും കർഷകർ പറയുന്ന.
32 കർഷകരുടെ കൂട്ടായ്മയിൽ 90 ഏക്കർ പാടശേഖരത്ത് കൃഷി ചെയ്ത 2,70,00 കിലോ നെല്ലാണ് പായിപ്പാട് മേഖലയിൽ കെട്ടിക്കിടക്കുന്നത്. പാടശേഖരത്തിലെ കളത്തിൽ കെട്ടിക്കിടക്കുന്ന നെല്ല് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നനയാതെ കർഷകർ മൂടിയിട്ട് സംരക്ഷിച്ചു.
തുടർ ദിവസങ്ങളിലും നെല്ല് കയറ്റി അയക്കാൻ കഴിഞ്ഞില്ലെങ്കിൽ നെല്ലിൽ ഈർപ്പം തട്ടുമെന്നും ഇത് മില്ലുടമകൾ വില കുറയ്ക്കുന്നതിന് കാരണമാകുമെന്നും കർഷകർ ഭയപ്പെടുന്നു. എട്ട് കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്തെടുത്ത നെല്ലാണിത്. കോട്ടയം പാഡി ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് മില്ലുടമയുടെ പ്രതിനിധി സ്ഥലത്തെത്തി സാമ്പിൾ പരിശോധനയ്ക്ക് കൊണ്ടുപോയിട്ട് പിന്നീട് മറുപടി ഒന്നും അറിയിച്ചില്ലെന്നാണ് കർഷകർ പറയുന്നു. കൃഷി ഓഫീസറെയും പായിപ്പാട് പഞ്ചായത്തിന്റെ ചുമതലയുള്ള പാഡി ഓഫീസറെയും വിവരം അറിയിച്ചതായും കർഷകർ പറഞ്ഞു.
ഉടൻ തന്നെ നെല്ല് സംഭരണത്തിന് വേണ്ട നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കിൽ കഴിഞ്ഞ അഞ്ചുമാസത്തെ കർഷകരുടെ അധ്വാനം വെള്ളത്തിലാകുമെന്നും, കർഷകരെ വൻ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുമന്നും പാടശേഖരസമിതി സെക്രട്ടറി സെബാസ്റ്റ്യൻ വെണ്ണാലിൽ, പ്രസിഡന്റ് ജെയിംസ് ലൂക്ക കളരിക്കൽ എന്നിവർ പറഞ്ഞു.