
കോട്ടയം: കോട്ടയം ജില്ലയിൽ ഇക്കുറി ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് ഏറ്റുമാനൂർ. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തല മുണ്ഡനം ചെയ്ത് കോൺഗ്രസ് പാർട്ടിയുടെ അംഗത്വം രാജിവച്ച് അങ്കത്തട്ടിലിറങ്ങിയ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതിക സുഭാഷ് സ്വതന്ത്രയായി മത്സരിക്കുന്ന ഏറ്റുമാനൂരിൽ മത്സരം കനത്തുകഴിഞ്ഞു. ആരവമില്ലാതെയാണ് ലതിക പോർക്കളത്തിലിറങ്ങിയതെങ്കിലും തരക്കേടില്ലാത്ത വോട്ട് പെട്ടിയിലാക്കുമെന്നാണ് അറിയുന്നത്. അത് യു.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസിലെ പ്രിൻസ് ലൂക്കോസിന് തിരിച്ചടിയാവുമെന്നാണ് ജനസംസാരം. കോൺഗ്രസിലെ ഒരു പറ്റം യുവാക്കൾ ലതിക സുഭാഷിനൊപ്പം കളത്തിലുണ്ട്. കൂടാതെ സ്ത്രീകളുടെ സഹതാപ വോട്ടും കൂടുതലായി ലഭിച്ചേക്കാം.
ഇടതുമുന്നണി സ്ഥാനാർത്ഥി സി.പി.എമ്മിലെ വി.എൻ.വാസവും പ്രിൻസ് ലൂക്കോസിനുമൊപ്പം എൻ.ഡി.എ സ്ഥാനാർത്ഥി ടി.എൻ.ഹരികുമാറും മത്സരരംഗത്ത് സജീവമായി ഉണ്ട്. എസ്.യു.സി.ഐയിലെ എ.ജി. അജയകുമാറും ബി.എസ്.പിയിലെ ജിജിത് കെ. ജോയിയും സ്വതന്ത്രനായി ചാർളി തോമസും ഇവിടെ മത്സരിക്കുകയാണ്.
പ്രചാരണം അടുത്ത ഘട്ടത്തിലേക്ക്
2016ലെ മത്സരം സി.പി.എമ്മിലെ സുരേഷ് കുറുപ്പും കേരള കോൺഗ്രസ്-എമ്മിലെ തോമസ് ചാഴികാടനും തമ്മിലായിരുന്നു. 8,899 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് കുറുപ്പ് നിയമസഭയിലെത്തിയത്. സുരേഷ് കുറുപ്പിന് 53,805 വോട്ട് ലഭിച്ചപ്പോൾ തോമസ് ചാഴികാടന് ലഭിച്ചത് 44,906 വോട്ടുകളായിരുന്നു. ബി.ഡി.ജെ.എസിലെ എ.ജി. തങ്കപ്പന് 27,540 വോട്ടുകളാണ് ലഭിച്ചത്.
ഭവനസന്ദർശനവും കുടുംബയോഗങ്ങളും പൂർത്തിയാക്കി മൂന്നു മുന്നണികളും അടുത്ത ഘട്ടത്തിലേക്ക് കടന്നുകഴിഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കഴിഞ്ഞ ദിവസം പ്രചാരണത്തിനെത്തിയത് ഗാന്ധിനഗറിലാണ്. മെഡിക്കൽ കോളേജിലെത്തിയ വാസവനെ കണ്ട് രോഗികളും ജീവനക്കാരും ഓടിക്കൂടി. ദീർഘകാലം മെഡിക്കൽ കോളേജിലെ വികസന സമിതിയുടെ അമരക്കാരനായിരുന്ന വാസവനാണ് മെഡിക്കൽ കോളേജിൽ വികസനം കൊണ്ടുവന്നതെന്ന് ഡോക്ടർമാർക്കും ജീവനക്കാർക്കുമറിയാം. കോട്ടയം മെഡിക്കൽ കോളേജിനെ തലയെടുപ്പുള്ള സംസ്ഥാനത്തെ മെഡിക്കൽ കോളേജിനൊപ്പമെത്തിച്ചത് വാസവന്റെ പ്രവർത്തനം കൊണ്ടാണെന്ന് ജീവനക്കാർ അടിവരയിട്ടു പറയുന്നു. കൈകൂപ്പി വോട്ടുകൾ അഭ്യർത്ഥിച്ചശേഷം നേരെ പോയത് മാന്നാനത്തേക്കാണ്. അവിടെയും വാസവനെ സ്വീകരിക്കാൻ ആളുകൾ കൂട്ടമായി എത്തിയിരുന്നു.
ഇതേ സമയം യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് തുറന്ന വാഹനത്തിലായിരുന്നു പ്രചരണം. കുടമാളൂർ പുളിഞ്ചോട് ഭാഗത്തുനിന്നും ആരംഭിച്ച പ്രചാരണം അയ്മനം ഭാഗത്ത് എത്തിയപ്പോൾ ജനം തിങ്ങിക്കൂടി. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് പ്രചാരണം ഉദ്ഘാടനം ചെയ്തു. നീണ്ടൂർ പ്രാവട്ടം ജംഗ്ഷനിൽ വൈകുന്നേരം നടന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുത്തു. യു.ഡി.എഫിന്റെ കാലത്ത് ഉണ്ടായ വികസനമല്ലാതെ മറ്റൊരു വികസനവും ഏറ്റുമാനൂരിൽ സംഭവിച്ചില്ലെന്ന് പ്രിൻസ് ലൂക്കോസ് സമ്മേളനങ്ങളിൽ വ്യക്തമാക്കി.
അവഗണനക്കെതിരായ വിധിയെഴുത്താവും മണ്ഡലത്തിൽ നടക്കാൻ പോവുന്നതെന്ന് എൻ.ഡി.എയിലെ ഹരികുമാർ പറഞ്ഞു. കാഞ്ഞിരം എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് ടി.എൻ. സന്തോഷ് കുമാറിനെ സന്ദർശിച്ചശേഷമാണ് വെള്ളിയാഴ്ചത്തെ പ്രചാരണം ആരംഭിച്ചത്. മലരിക്കലിലെത്തിയ ഹരികുമാർ അവിടെ തൊഴിലുറപ്പ് മേഖലയിൽ ജോലിചെയ്തിരുന്ന സ്ത്രീകളോട് വോട്ട് അഭ്യർത്ഥിച്ചു. തിരുവാർപ്പ് മേഖലയിൽ ബി.ജെ.പി അംഗം മഞ്ജു ഷിബുവിന്റെ വാർഡിൽ വീടുകൾ കയറിയിറങ്ങി വോട്ടുകൾ തേടി. കുമരകം പഞ്ചായത്തിലെ കരിയിൽ ലക്ഷം വീട് കോളനി, ആശാരിശേരി തുടങ്ങിയ സ്ഥലങ്ങളിലും ഹരികുമാർ ഭവന സന്ദർശനം നടത്തി.
'വുമൺ ഫോർ പൊളിറ്റിക്കൽ ജസ്റ്റിസ്' പ്രവർത്തകരുടെ അകമ്പടിയോടെയാണ് ലതിക സുഭാഷ് വെള്ളിയാഴ്ച പ്രചാരണം ആരംഭിച്ചത്. പൂച്ചനപ്പള്ളിയിൽ നടന്ന സമ്മേളനം സാമൂഹിക പ്രവർത്തക പി.ഗീത ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുഴുവൻ സ്ത്രീകളുടെയും ആത്മാഭിമാനം സംരക്ഷിക്കുക, പാതി ഭൂമിക്ക് അവകാശികളായവരെ നിയമസഭയിലെത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇവിടെ എത്തിയതെന്നും ലതികയെ വിജയിപ്പിക്കണമെന്നും ഗീത അഭ്യർത്ഥിച്ചു. സംഘടനയുടെ പോസ്റ്ററുകൾ നേരത്തെതന്നെ മണ്ഡലത്തിലുടനീളം പതിച്ചിരുന്നു. ഭവനസന്ദർശനത്തിനാണ് ലതിക കൂടുതൽ സമയം ചെലവഴിക്കുന്നത്.
ഇക്കുറി 1,68,034 വോട്ടർമാരാണ് ഏറ്റുമാനൂർ മണ്ഡലത്തിലുള്ളത്. ഇതിൽ ഏറെയും സ്ത്രീകളാണ്. 85,948 സ്ത്രീ വോട്ടർമാരും 82,085 പുരുഷ വോട്ടർമാരും.