ഏറ്റുമാനൂർ: റോഡപകടത്തിൽ പരിക്കേറ്റവരെ സ്വന്തം വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. പരിക്കേറ്റ ഓട്ടോ ഡ്രൈവർക്ക് സജിത്, ബൈക്ക് യാത്രക്കാരൻ അരുൺ എന്നിവരെ സ്ഥാനാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ സംക്രാന്തി മാമ്മൂട് കവലയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഓട്ടോ ഡ്രൈവറും ബൈക്ക് യാത്രക്കാരനും റോഡിൽ വീണുകിടക്കുകയായിരുന്നു. ഈ സമയത്താണ് ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് മണ്ഡല പര്യടനത്തിനായി സ്വന്തം വാഹനത്തിൽ വീട്ടിൽ നിന്നും പുറത്തേയ്ക്കിറങ്ങിയത്. നാട്ടുകാരുടെയും പ്രിൻസിന്റെ സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കേറ്റവർക്ക് മതിയായ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് പ്രിൻസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മടങ്ങിയത്.