job

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കാൻ ഒരാഴ്ച ശേഷിക്കെ കൊണ്ടും കൊടുത്തും കൂട്ടപ്പൊരിച്ചിലിന്റെ അവസാന ലാപ്പിലേക്ക് കടക്കുകയാണ് മുന്നണികൾ. ദേശീയ - സംസ്ഥാന നേതാക്കളുടെ വൻ പടയെത്തി ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ച് പ്രചാരണ രംഗം ചൂടുപിടിപ്പിച്ചെങ്കിലും ഏതെങ്കിലും മുന്നണിയ്ക്ക് അനുകൂലമായ തരംഗ സൂചന ഉണ്ടായിട്ടില്ല. സ്വീകരണ യോഗങ്ങളിൽ വലിയ ആവേശം കാണിക്കാതെ വോട്ടർമാർ നിസംഗത പ്രകടിപ്പിക്കുന്നതിനാൽ മനസ് വായിച്ചെടുക്കാനും സ്ഥാനാർത്ഥികൾക്കോ മുന്നണികൾക്കോ കഴിയുന്നില്ല. ജില്ലയിലെ 9 മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സര പ്രതീതി സൃഷ്ടിക്കാൻ മൂന്നു മുന്നണികൾക്കും ഇതിനകം കഴിഞ്ഞിട്ടുണ്ട്. പി.സി.ജോർജ് സ്വതന്ത്രനായി ജനവിധി തേടുന്ന പൂഞ്ഞാർ , സീറ്റ് കിട്ടാതെ വന്നതോടെ കോൺഗ്രസിൽ നിന്ന് രാജിവച്ച് തലമുണ്ഡനത്തിലൂടെ ശ്രദ്ധേയയായ ലതികാ സുഭാഷ് മത്സരത്തിനിറങ്ങിയ ഏറ്റുമാനൂരിലും ചതുഷ്ക്കോണ മത്സരസൂചനയാണുള്ളത്. വൻപണം ചെലവഴിച്ചുള്ള ആർഭാട പ്രചാരണങ്ങളാണ് പല മണ്ഡലങ്ങളിലും നടക്കുന്നത്. ചിലർ‌ക്കാകട്ടെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പ്രചാരണം കൊഴുപ്പിക്കാനും കഴിഞ്ഞിട്ടില്ല.

വീടുകയറി സ്ഥാനാർത്ഥിയുടെയും മുന്നണിയുടേയും പ്രസ്താവനകൾ വിതരണം ചെയ്യുന്നതിൽ പതിവുപോലെ ഇടതുമുന്നണി പ്രവർത്തകരാണ് മുന്നിൽ. ചില പ്രമുഖ സ്ഥാനാർത്ഥികളുടെ പ്രസ്താവനകൾ പോലും വീടുകളിൽ ഇതുവരെ എത്തിയിട്ടില്ല. സ്വീകരണ പരിപാടികൾ ഇനിയും ആരംഭിക്കാതെ വീടു കയറ്റം തുടരുന്ന സ്ഥാനാർത്ഥികളുമുണ്ട്. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഇരട്ടവോട്ട് ആരോപണം കത്തിക്കയറുമ്പോഴും ഇത്തരം വോട്ടർമാരെ ലിസ്റ്റിൽ നിന്ന് നീക്കംചെയ്യാനുള്ള നീക്കം ഒരു മുന്നണിയും നടത്തുന്നില്ലെന്നതാണ് ശ്രദ്ധേയം.

വികസന പ്രശ്നങ്ങളിൽ ഉൗന്നി

വികസന പ്രശ്നങ്ങളിൽ ഊന്നിയാണ് ഇപ്പോഴും പ്രചാരണം. കുടിവെള്ളവും,റോഡും, പാലങ്ങളും വാഗ്ദാനം ചെയ്തത് യാഥാർത്യമാക്കാൻ കഴിയാത്ത എം.എൽ.എമാർ വോട്ടർമാരെ അഭിമുഖീകരിക്കാൻ പാടുപെടുന്നു. തുടർഭരണത്തിലൂന്നി ഇടത് പ്രചാരണം കൊഴുക്കുമ്പോൾ ശബരിമല അടക്കം പഴയ വിഷയങ്ങൾ തന്നെയാണ് മറ്റ് മുന്നണികൾ ഉയർത്തുന്നത്. പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന വരും ദിവസങ്ങളിൽ കൂടുതൽ വി.ഐ.പികൾ എത്തിക്കാനാണ് മുന്നണികളുടെ ശ്രമം.