
കോട്ടയം: ബുള്ളറ്റുകളുടെ പ്രൗഢിയോടെ മുൻനിര. പിന്നാലെ അൻപതിലേറെ ബൈക്കുകളും സ്‌കൂട്ടറുകളും. പശ്ചാത്തലത്തിൽ കോട്ടയത്തിന്റെ സ്വന്തം വോട്ടൻതുള്ളൽ ഗാനം. സാക്ഷരതയിലെ തിളക്കമാർന്ന നേട്ടം വോട്ടിംഗിലും പ്രതിഫലിപ്പിക്കണമെന്ന ആഹ്വാനമുയർത്തി നടത്തിയ ഇരുചക്രവാഹന റാലി നഗരത്തിന് വേറിട്ട കഴ്ചയായി. വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപ് സംഘടിപ്പിച്ച റാലി കളക്ടറേറ്റ് വളപ്പിൽ ജില്ലാ കളക്ടർ എം.അഞ്ജന ഫ്ലാഗ് ഒഫ് ചെയ്തു. സ്ത്രീകളും ഭിന്നശേഷിക്കാരും ട്രാൻസ് ജെൻഡറുകളും ഉൾപ്പെടെയുള്ളവർ സ്വീപ് ടീഷർട്ടുകളണിഞ്ഞാണ് റാലിയിൽ അണിനിരന്നത്. നഗരം ചുറ്റി റാലി നാഗമ്പടം നെഹ്രു സ്റ്റേഡിയം പരിസരത്ത് സമാപിച്ചു. ബി.സി.എം കോളേജിലെ നാഷണൽ സർവീസ് സ്‌കീം കോഓർഡിനേറ്റർ ഫാ. ബൈജു പ്രതിജ്ഞ ചൊല്ലി. സ്വീപ് നോഡൽ ഓഫീസർ പ്രൊഫ. അശോക് അലക്‌സ് ലൂക്ക്, ടി.യു രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.