
കട്ടപ്പന: സർവകക്ഷി യോഗ തീരുമാനങ്ങൾക്ക് വിരുദ്ധമായി ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി വരുത്താതെ ഇടുക്കിയിലെ ജനങ്ങളെ സർക്കാർ രണ്ടാംതരം പൗരൻമാരാക്കി മാറ്റിയെന്ന് എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ. മറ്റുള്ള ജില്ലകളിലെ ആളുകൾക്കുള്ള അതേ അവകാശങ്ങൾ ഇടുക്കിയിലെ ജനങ്ങൾക്കും വേണം. പാക്കേജുകൾ പ്രഖ്യാപിച്ച് മോഹിപ്പിക്കുന്നത് കൂടാതെ ഇടുക്കിയിലെ ജനങ്ങളോടുള്ള വിവേചനം പ്രതിഷേധാർഹമാണെന്നും സംഗീത വിശ്വനാഥൻ കുറ്റപ്പെടുത്തി.
ഇന്നലെ അറക്കുളം പഞ്ചായത്തിൽ പര്യടനം നടത്തി. ആശ്രമംപടി, എടാട്, മൂലമറ്റം ടൗൺ, അശോക, ആശുപത്രിപ്പടി, കാഞ്ഞാർ, കുടയത്തൂർ എന്നിവിടങ്ങളിലെ പ്രചരണം നടത്തി. എൻ.ഡി.എ. നിയോജകമണ്ഡലം ചെയർമാൻ രതീഷ് വരകുമല, കൺവീനർ മനേഷ് കുടിക്കയത്ത്, ജില്ലാ കമ്മിറ്റിയംഗം ഡോ. കെ. സോമൻ, ബി.ജെ.പി. സംസ്ഥാന കൗൺസിലർ സി.കെ. ശശി, സനിൽ സഹദേവൻ, രഞ്ജിത് കാലാച്ചിറ, ഗോപാലകൃഷ്ണൻ, പി.പി. ശ്രീരാജ്, പി.വി. സൗമ്യ തുടങ്ങിയവർ നേതൃത്വം നൽകി.