കട്ടപ്പന: രാഹുൽ ഗാന്ധി പങ്കെടുത്ത തിരഞ്ഞെടുപ്പ് കൺവൻഷൻ യു.ഡി.എഫ്. പ്രവർത്തകർക്ക് ആവേശമായി. പുറ്റടി നെഹ്‌റു സ്മാരക ഹൈസ്‌കൂൾ മൈതാനത്ത് നടന്ന പരിപാടിയിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ഉടുമ്പൻചോല, പീരുമേട് നിയോജകമണ്ഡലങ്ങളിലെ സ്ഥാനാർത്ഥിമാരായ ഇ.എം. ആഗസ്തി, സിറിയക് തോമസ് എന്നിവരുടെ പ്രചരണാർത്ഥമാണ് രാഹുൽ ഗാന്ധി എത്തിയത്. സമ്മേളനത്തിന് മണിക്കൂറുകൾക്ക് മുമ്പേ പുറ്റടി ടൗണും സ്‌കൂൾ പരിസരവും പ്രവർത്തകരെ കൊണ്ട് നിറഞ്ഞിരുന്നു. വൈകിട്ട് 4.30 ഓടെ റാന്നിയിൽ നിന്ന് ഹെലികോപ്ടറിൽ രാഹുൽ ഗാന്ധി അണക്കര മോൺട് ഫോർട്ട് സ്‌കൂൾ മൈതാനത്ത് എത്തി. തുടർന്ന് വാഹനമാർഗം പുറ്റടി സ്‌കൂൾ ഗ്രൗണ്ടിലെത്തുകയായിരുന്നു.