തൊടുപുഴ: കേരളത്തിൽ എൻ.ഡി.എ അധികാരത്തിലെത്തിയാൽ ക്ഷേത്രഭരണത്തിലെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു. തൊടുപുഴയിൽ എൻ.ഡി.എയുടെ ജില്ലയിലെ സ്ഥാനാർഥികളുടെ സംയുക്ത തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിലെ വരുമാനം ക്ഷേത്രകാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കാവൂവെന്ന് നിയമമുള്ളപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിന്റെ ധനം സർക്കാർ മറ്റ് ആവശ്യങ്ങൾക്കായി വക മാറ്റി ചെലവഴിച്ചു. ശബരിമലയിൽ യു.ഡി.എഫും എൽ.ഡി.എഫും ഇരട്ടത്താപ്പാണ് സ്വീകരിച്ചത്. ശബരിമലയിലെ ആചാരങ്ങളെല്ലാം സി.പി.എം സർക്കാർ തകർത്തുകളഞ്ഞു. കോൺഗ്രസും യു.ഡി.എഫും അന്ന് അധരവ്യായാമം മാത്രമാണ് നടത്തിയത്. ബി.ജെ.പിയും ബി.ഡി.ജെ.എസും മാത്രമാണ് ശബരിമലയിലെ ആചാരസംരക്ഷണത്തിനായി അന്ന് തെരുവിലിറങ്ങിയത്. കേരളത്തിൽ പരസ്പരം പോരടിക്കുന്ന കോൺഗ്രസും സി.പി.എമ്മും ബംഗാളിൽ ഭായ്, ഭായ് ആണ്. ദേശീയപാതാ വികസനത്തിന് കേന്ദ്രം പണം അനുവദിച്ചിട്ടും സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകി സ്ഥലമേറ്രെടുക്കാൻ തയ്യാറായില്ല. യു.ഡി.എഫിനോടും എൽ.ഡി.എഫിനോടും ഗുഡ്‌ബൈ പറയാനുള്ള സമയമായി. കേരളത്തിൽ മാറി മാറി ഭരിക്കുന്ന ഇരുകൂട്ടരും അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. ഒരു കൂട്ടർ സ്വർണക്കടത്തിലാണ് കുപ്രസിദ്ധരെങ്കിൽ മറ്റൊരു കൂട്ടർ സോളാർ അഴിമതിയിലൂടെയാണ് അറിയപ്പെടുന്നത്. മന്ത്രിമാരടക്കം ഉൾപ്പെട്ടു അഴിമതിയിൽ. മുഖ്യമന്ത്രിയുടെ ആഫീസിന് നേരെ വരെ ആരോപണമുയർന്നു. കേന്ദ്രഅന്വേഷണം സംഘം അന്വേഷിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം മുഖ്യമന്ത്രിയുടെ ആഫീസിലെത്തിയപ്പോൾ വേട്ടയാടുകയാണെന്നായി ആക്ഷേപമെന്നും നദ്ദ പറഞ്ഞു.