
എരുമേലി : പേട്ടതുള്ളലിന്റെ പ്രതീതിയിലായിരുന്നു ഇന്നലെ എരുമേലി. വലിയമ്പലത്തിലും ചെറിയമ്പലത്തിലും വാവര് പള്ളിയിലുമെല്ലാം ജനസഞ്ചയം. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൽ എരുമേലി ഇരമ്പിയാർന്ന കടൽ പോലെയായി. രാവിലെ എട്ട് മുതൽ കോൺഗ്രസിന്റെ കൊടിയും രാഹുൽ ഗാന്ധിയുടെയും സ്ഥാനാർത്ഥി അഡ്വ.ടോമി കല്ലാനിയുടെയും കട്ടൗട്ടുമൊക്കെയായി ആയിരങ്ങളാണ് പേട്ടതുള്ളൽ പാതയുടെ ഇരുവശത്തും നിലയുറപ്പിച്ചത്. പൊരിഞ്ഞ വെയിലിനെ കൂസാതെ മണിക്കൂറുകളോളം കാത്തുനിന്നവർക്കിടയിലേക്ക് ഉച്ചകഴിഞ്ഞ് 2.45 ഓടെ രാഹുൽ കനകപ്പലം കഴിഞ്ഞെന്ന അറിയിപ്പ് കിട്ടി.
ഇതോടെ ജനക്കൂട്ടം ഇളകിയാർത്തു. വലിയമ്പലത്തിന് സമീപം നിന്ന ടോമി കല്ലാനിയും പ്രവർത്തകരും പതുക്കെ മുൻപോട്ടെത്തുമ്പോഴേക്കും രാഹുലെത്തി. വാഹനത്തിന്റെ റൂഫ് ടോപ്പ് മാറ്റി സ്ഥാനാർത്ഥിയും രാഹുൽ ഗാന്ധിയും ഒരുമിച്ച് എല്ലാവരെയും അഭിവാദ്യം ചെയ്ത് മുന്നോട്ട് നീങ്ങി. പേട്ടക്കവലയിലെത്തിയപ്പോൾ ചെറിയമ്പലത്തിലേക്കും വാവരു പള്ളിയിലേക്കും നോക്കി ഒന്നു തൊഴുതു. ഇടുക്കിയിലെ പരിപാടി വീണ്ടും വൈകുമെന്ന് ഓർമ്മപ്പെടുത്തൽ വന്നതോടെ വാഹനത്തിൽ കയറി നേരെ കൂവപ്പള്ളിയിലെ എൻജിനിയറിംഗ് കോളേജിലേക്ക്. അവിടെ കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷനെ സന്ദർശിച്ചു. സൗഹൃദം പങ്കുവച്ച് വീണ്ടും ഹെലികോപ്ടറിൽ പീരുമേട്ടിലേക്ക്.
രാഹുലിന്റെ സ്നേഹച്ചൂടേറ്റ് അനിഖ
കത്തുന്ന ചൂടിനെയും തോല്പിച്ച് ആവേശത്തോടെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ രാഹുൽ ഗാന്ധി പ്രസംഗിക്കുമ്പോൾ ഒരു കുട്ടിയെ പലവട്ടം ആരോ വാഹനത്തിലേക്ക് ഉയർത്തി. ചെറുപുഞ്ചിരിയോടെ പ്രസംഗം തുടർന്ന രാഹുൽ പക്ഷെ പ്രസംഗമവസാനിച്ചപ്പോൾ ആദ്യം തിരഞ്ഞത് ആ കൊച്ചു മിടുക്കിയെ. എരുമേലി കണ്ണിമല സ്വദേശി അനിഖയെന്ന മൂന്നുവയസുകാരിയെ തന്റെ അടുത്തേക്ക് കൊണ്ടുവരാൻ അദ്ദേഹം പറഞ്ഞതോടെ കൂടെ നിന്നവർ അനഖയെ പൊക്കിയെടുത്ത് രാഹുലിന്റെ ഓരത്തെത്തിച്ചു. അനിഖയെ വാരിയെടുത്ത രാഹുൽ മാറോടു ചേർത്തു പിടിച്ചപ്പോൾ സന്തോഷം അതിരുകടന്ന അനിഖ പ്രിയ നേതാവിന്റെ കവിളിൽ ചുടുചുംബനം നൽകി. ഒടുവിൽ ഒരു മിഠായി നൽകിയാണ് അനിഖയെ രാഹുൽ മടക്കിയത്.