
എരുമേലി: അയ്യപ്പനെയും വാവരെയും തൊഴുതും കാണിക്ക സമർപ്പിച്ചും എരുമേലിയിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രവർത്തകരെ ആവേശത്തിലാക്കി. വലിയമ്പലത്തിലും കൊച്ചമ്പലത്തിലും വാവരുപള്ളിയിലും പ്രാർത്ഥിച്ച രാഹുൽ അമ്പലവും പളളിയും മുഖാമുഖം നിൽക്കുന്ന എരുമേലിയാണ് ഇന്ത്യൻ മതേതരത്വത്തിന്റെ പരിച്ഛേദനമെന്ന് ഓർമപ്പെടുത്തി. വിശ്വാസവും മതേതരത്വവുമുയർത്തിയായിരുന്നു പൂഞ്ഞാർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടോമി കല്ലാനിക്കായുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗം.
നേതാവിനെ കാത്തുള്ള ആയിരങ്ങളുടെ ആരവങ്ങൾക്കിടയിലേക്കാണ് രാഹുൽ വന്നിറങ്ങിയത്. വല്യമ്പലത്തിലെ നടപ്പന്തലിലേക്ക് തിരിഞ്ഞ കാറിൽ നിന്ന് ചാടിയിറങ്ങി. കൊടിമരത്തിന്റെ ചുവട്ടിൽ കാണിക്ക സമർപ്പിച്ച് അടഞ്ഞുകിടന്ന തിരുനടയിലേക്ക് നോക്കി കൈകൂപ്പി അൽപ്പ നിമിഷം. വല്യമ്പലത്ത് മുന്നിൽ കാത്തുനിന്ന നൂറുകണക്കിന് പേരെ അഭിവാദ്യം ചെയ്ത് വാവര് പള്ളിക്ക് മുന്നിലെ സ്വീകരണ സ്ഥലത്തേക്ക്. വാവരുപള്ളിയും കൊച്ചമ്പലവും സ്ഥിതി ചെയ്യുന്ന എരുമേലി പേട്ടക്കവലയിലായിരുന്നു പ്രസംഗം. പ്രസംഗത്തിനിടെ കൊച്ചു പെൺകുട്ടിയെ അരികിലേക്ക് വിളിച്ച് പൂവും മിഠായിയും നൽകി സ്‌നേഹം പകർന്നു.വാവരുപള്ളിയിലും പിന്നാലെ കൊച്ചമ്പലത്തിലും കയറി പ്രാർത്ഥിച്ചു. വാവരു പള്ളിയിലും ശേഷം കൊച്ചമ്പലത്തിലും കാണിക്കയിട്ട് പ്രാർത്ഥിച്ചപ്പോഴാണ് വീണ്ടും ക്ഷണിച്ചു കൊണ്ടുള്ള മഹല്ലു കമ്മിറ്റിയുടെ അഭ്യർത്ഥന.വീണ്ടും വാവരു പള്ളിയിലെത്തി പ്രാർത്ഥിച്ചും കുശലം പറഞ്ഞും ആതിഥ്യം സ്വീകരിച്ചും പത്തു മിനിറ്റോളം ചെലവഴിച്ചു.
ശബരിമല പറയാതെ രാഹുൽ
ശബരിമല ആചാര സംരക്ഷണത്തെക്കുറിച്ച് രാഹുൽ പരാമർശിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പകരം മതസൗഹാർദ്ദത്തെക്കുറിച്ച് വാചാലനായി.
'' എരുമേലിയെ ഞാൻ സ്‌നേഹിക്കുന്നു. ഞാൻ ആദ്യമായാണ് വരുന്നത്. അമ്പലവും പള്ളിയും അഭിമുഖമായുള്ള എരുമേലി ഇന്ത്യയുടെ പ്രതീകമാണ്. ഈ
ആശയത്തെയാണ് മോദിയും ആർ.എസ്.എസും തകർക്കാൻ പരിശ്രമിക്കുന്നത്. അവർ നമ്മുടെ ഐക്യം വിഭജിച്ച് വിദ്വേഷം പരത്താൻശ്രമിക്കുകയാണ്. എരുമേലിക്കാർ വലിയ സന്ദേശം നൽകുന്നു. നിങ്ങൾ ലോകത്തിന് മാതൃകയാണ്. ഇന്ത്യയിലെ
എല്ലാ മതവിഭാഗക്കാരും ഒരുമയിൽ വിശ്വസിക്കുന്നു. അമ്പലവും പള്ളികളും ഗുരുദ്വാരകളുമെല്ലാമാണ് രാജ്യത്തിന്റെ നൻമകൾ '' - രാഹുൽ പറഞ്ഞു.
സാമ്പത്തിക രംഗം മെച്ചപ്പെടുത്താൻ
മൂലധനം വായിച്ചിട്ട് കാര്യമില്ല: രാഹുൽ
കട്ടപ്പന: കേരളത്തിലെ തകർന്ന സാമ്പത്തിക രംഗം മെച്ചപ്പെടുത്താൻ മുഖ്യമന്ത്രി മൂലധനം വായിച്ചിട്ട് കാര്യമില്ലെന്ന് രാഹുൽ ഗാന്ധി. പെട്രോൾ ഇല്ലാത്ത കാർ പോലെയായി സാമ്പത്തിക രംഗം. മുഖ്യമന്ത്രി കീ എത്രതിരിച്ചാലും മുന്നോട്ടുപോകില്ല. കാൾ മാർക്സിന്റെ മൂലധനത്തിൽ ഇതിനുള്ള ഉത്തരമില്ല. ജനങ്ങളുടെ കൈയിലെ പണമാണ് സാമ്പത്തിക രംഗത്തെ ഊർജ്ജം. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ എൽ.ഡി.എഫിന് പദ്ധതിയൊന്നുമില്ല.
എന്നാൽ ന്യായ് പദ്ധതിയിലൂടെ യു.ഡി.എഫ് കേരളത്തിലെ ജനങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കും. എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയാക്കും. റബർ, കുരുമുളക്, ഏലം തുടങ്ങിയ നാണ്യവിളകൾക്ക് തറവില നിശ്ചയിക്കും. ഉടുമ്പൻചോല, പീരുമേട് നിയോജകമണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളായ ഇ.എം.ആഗസ്തി, സിറിയക് തോമസ് എന്നിവരുടെ തിരഞ്ഞെടുപ്പ് കൺവൻഷൻ പുറ്റടി നെഹ്റു സ്മാരക ഹൈസ്കൂൾ മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലാണ് പ്രസംഗം തർജമ നടത്തിയത്.