
പുതുപ്പള്ളി: പര്യടനത്തിനിടെ കാരങ്ങാട്ട് ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തിൽ പങ്കെടുക്കുന്നതിനിടെയാണ് പുതുപ്പള്ളി എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരിയുടെ ശ്രദ്ധ ചെണ്ടമേളത്തിലേയ്ക്ക് തിരിഞ്ഞത്. പിന്നെ അമാന്തിച്ചില്ല. ചെണ്ട തോളിലേറ്റി മേളത്തിനൊപ്പം ചേർന്നു. രാഷ്ട്രീയത്തിനൊപ്പം കലയും ഒരു പോലെ കൈകാര്യം ചെയ്യുന്ന എൻ.ഹരി നല്ലൊരു മേളവിദ്വാൻ കൂടിയാണെന്ന് അപ്പോഴാണ് പലരും അറിഞ്ഞത്. ഇന്നലെ രാവിലെ അകലക്കുന്നം പഞ്ചായത്തിലെ ഇടമുളയിൽ നിന്നായിരുന്നു ഹരിയുടെ പ്രചരണം. പ്രദേശത്തെ പ്രധാന വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. ഇടമുള കുളങ്ങരക്കാവ് ദേവിക്ഷേത്രം, കാരങ്ങാട്ട് ക്ഷേത്രം എന്നിവിടങ്ങളിൽ മീനപ്പൂര മഹോത്സവത്തിലും പങ്കെടുത്തു. അകലക്കുന്നത്ത് വ്യാപാരസ്ഥാപനങ്ങളിലും കയറി വോട്ടഭ്യർത്ഥിച്ചു.