ranath

പാമ്പാടി : പാമ്പാടിയെ ആവേശത്തിൽ ആറാടിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ റോഡ് ഷോ. പുതുപ്പള്ളി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് റോഡ് ഷോ സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ മുതൽ റോഡിന്റെ ഇരുവശങ്ങളിലും പ്രവർത്തകരെ കൊണ്ട് നിറഞ്ഞിരുന്നു. നിശ്ചയിച്ചതിലും അല്പം വൈകിയെങ്കിലും പൊരിവെയിലിലും അണികളുടെ ആവേശം ചോർന്നില്ല.

പന്ത്രണ്ടോടെ രാജ്നാഥിനെയും വഹിച്ചുള്ള ഹെലിക്കോപ്ടർ പാമ്പാടിയുടെ ആകാശത്ത് വട്ടമിട്ട് പറന്നു. പിന്നെ അതിവേഗം വി.വി.ഐ.പി വാഹനം ആലാമ്പള്ളിയിൽ എത്തി. ഇവിടെ നിന്ന് സ്ഥാനാർത്ഥി എൻ.ഹരിയുടെ കൈപിടിച്ച് തുറന്ന വാഹനത്തിലേയ്ക്ക്. മുന്നിൽ ബാനറും കൊടികളുമേന്തി മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ. അകമ്പടിയേകി ശിങ്കാരിമേളവും, കരകാട്ടവും, നാദസ്വരവും, മയിലാട്ടവും, വിവിധ നൃത്തരൂപങ്ങളും അണിനരന്നു. റോഡ് ഷോ പാമ്പാടി ബസ് സ്റ്റാൻഡിൽ എത്തിയതോടെ രാജ്നാഥ് സിംഗിന്റെ ചെറു പ്രസംഗം. ഓരോ വാക്കിനും പ്രവർത്തകരുടെ ആവേശത്തോടെയുള്ള കൈയടി. തുടർന്ന് പ്രസംഗം അവസാനിപ്പിച്ച് പ്രവർത്തകർക്ക് നേരെ കൈ വീശി, മാസ്ക് ധരിച്ച് സ്വന്തം സുരക്ഷാ വാഹനത്തിൽ കയറി മടക്കം.