
കോട്ടയം : വോട്ടറുടെ അടുക്കളയിൽ കയറി ചായയും തിളപ്പിച്ച് കുടിച്ച് രാഷ്ട്രീയവും പറഞ്ഞ് വോട്ടുറപ്പിച്ച് പോകുകയാണ് കോട്ടയം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. വീട്ടമ്മമാരുമായി സംവദിക്കാൻ അടുക്കളയാണ് ഏറ്റവും നല്ലതെന്ന് പറയുന്ന മിനർവയ്ക്ക് ചായയുമായുള്ള അടുപ്പത്തിന് മറ്റൊരു കാരണവുമുണ്ട്.
അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് വന്ന രാഷ്ട്രീയക്കാരി കൂടിയാണ് മിനർവ. പഠന ശേഷം വീട്ടമ്മയുടെ കടമയും ജോലിയും ഒരുപോലെ കൊണ്ടുപോയാണ് മിനർവ രാഷ്ട്രീയത്തിലെത്തിയത്. രണ്ട് തവണ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ തിളങ്ങാനുമായി. വോട്ടു ചോദിച്ച് നേരെ അടുക്കളയിലെത്തിയാൽ പാചകത്തിൽ സഹായിച്ചും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമാണ് വോട്ടുപിടിത്തം. സാധാരണക്കാരായ വീട്ടമ്മമാരോട് അവരിലൊരാളായി അടുക്കളയിലെത്തുമ്പോഴുള്ള അടുപ്പം മറ്റെവിടെയും കിട്ടില്ലെന്നാണ് മിനർവയുടെ പക്ഷം.
പാത്രം കഴുകി വെള്ളംതിളപ്പിച്ച് ഗ്യാസ് കത്തിക്കുമ്പോൾ പലരും ഇന്ധന വില വർദ്ധനവിനെപ്പറ്റി ചോദിക്കും. അതിന് കൃത്യം മറുപടിയുണ്ട് മിനവർയ്ക്ക്. പാവങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്നതും അടച്ചുറപ്പുള്ള വീടും ശൗചാലയങ്ങളും നിർമ്മിച്ചതും സ്ത്രീകളുടെ അക്കൗണ്ടിലേയ്ക്ക് പണമെത്തിച്ചതും അടക്കമുള്ള പദ്ധതികൾക്ക് പണം ഇങ്ങനെയൊക്കെയാണ് കണ്ടെത്തുന്നതെന്ന് ഉദാഹരണങ്ങളാൽ നിരത്തി വിശദീകരിക്കും. തിളയ്ക്കുന്ന ചായ പകർന്ന് ഗ്ളാസിലാക്കി കുടിക്കുമ്പോഴേയ്ക്കും അപരിചിതത്വം മാറി മിനർവ അവരിലൊരാളായി മാറിയിരിക്കും.
ചായയോടുണ്ട് പ്രത്യേക മമത
പ്രധാനമന്ത്രി മോദിയെപ്പോലെ മിനർവയ്ക്കും ചായയും ചായക്കടയുമായി ബന്ധമുണ്ട്. പെരുങ്ങളത്ത് ഒന്നരപ്പതിറ്റാണ്ടായി ചായക്കട നടത്തുന്ന വി.എസ്.മോഹനനാണ് മിനവർയുടെ ഭർത്താവ്. മകൻ ജ്യോതിഷ് ഐ.ആർ.എസ് ഉദ്യോഗസ്ഥനാണെങ്കിലും ഇന്നും അഭിമാനത്തോടെ ചായക്കടയിലുണ്ട് മോഹനൻ. ചായക്കടയിലെ തിരക്ക് മൂലം മിനർവയുടെ പ്രചരണത്തിൽ മോഹനേട്ടന് എത്താനും കഴിയില്ല. ചായക്കടയിലെ വരുമാനത്തിലാണ് മിനർവയും കുടുംബവും ജീവിതം കരുപ്പിടിപ്പിച്ചത്.