
കോട്ടയം : കോട്ടയം നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള അനൗൺസ്‌മെന്റ് വാഹനം തടഞ്ഞ് ഡ്രൈവറെ ആക്രമിച്ചു. പരിക്കേറ്റ ഡ്രൈവർ സോമശേഖരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ നട്ടാശേരി പരുത്തിക്കുഴി ഭാഗത്തായിരുന്നു സംഭവം. അനൗൺസ്‌മെന്റ് വാഹനം കടന്നു പോകുന്നതിനിടെ ഒരു സംഘം വാഹനം തടഞ്ഞു നിറുത്തുകയായിരുന്നു. താക്കോൽ ഊരിയെടുത്ത സംഘം അനൗൺസ്‌മെന്റ് നിറുത്താൻ ആവശ്യപ്പെട്ടു. മൈക്ക് ഓഫ് ചെയ്യുന്നത് തടയാൻ ശ്രമിച്ച തന്റെ കഴുത്തിൽ കുത്തിപ്പിടിക്കുകയും, മാരകായുധം ഉപയോഗിച്ച് മർദിക്കുകയും ചെയ്‌തെന്ന് സോമശേഖരൻ പറഞ്ഞു. ബി.ജെ.പി നേതാക്കളെത്തിയതോടെ അക്രമിസംഘം രക്ഷപ്പെട്ടു. കുഴഞ്ഞ് വീണ സോമശേഖരനെ നേതാക്കൾ ചേർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അക്രമത്തിലൂടെ ജനാധിപത്യത്തെ തകർക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് മിനർവ പറഞ്ഞു. ശബരിമലയിൽ ആചാര സംരക്ഷണത്തിനായി പൊരുതിയവരെ അക്രമിത്തിലൂടെ അടിച്ചമർത്താൻ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ സന്നിധാനത്ത് നിയോഗിക്കുകയായിരുന്നു സി.പി.എമ്മും സർക്കാരും ചെയ്തത്. ഇപ്പോൾ തിരഞ്ഞെടുപ്പ് കാലത്തും ഡിവൈ.എഫ്.ഐയെ ഉപയോഗിച്ച് ജനാധിപത്യത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.