
14 സര്‍വീസുകള്‍ നിര്‍ത്തി
കട്ടപ്പന: ഡ്രൈവർമാരും കണ്ടക്ടർമാരും ഇല്ലാത്തതിനാൽ കട്ടപ്പന കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബസുകൾ കൂട്ടത്തോടെ കട്ടപ്പുറത്തേയ്ക്ക്. കഴിഞ്ഞ ഒരുവർഷത്തിനിടെ 14 ദീർഘ, ഹ്രസ്വദൂര സർവീസുകളാണ് നിർത്തിയത്. ഒരു പതിറ്റാണ്ടിലധികമായി സർവീസ് നടത്തിയിരുന്ന ബസുകളും നിർത്തിയവയിൽ ഉൾപ്പെടുന്നു. ആകെയുള്ള 40 സർവീസുകളിൽ 26 എണ്ണമാണ് ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. മുഴുവൻ ബസുകളും മുടക്കമില്ലാതെ സർവീസ് നടത്താൻ 119 ഡ്രൈവർമാരും 93 കണ്ടക്ടർമാരും വേണം. എന്നാൽ 82 ഡ്രൈവർമാരും 72 കണ്ടക്ടർമാരും മാത്രമേ ഇപ്പോഴുള്ളൂ. എറണാകുളം ഡിവിഷന് കീഴിൽ ഏറ്റവുമധികം വരുമാനമുള്ള ഡിപ്പോകളിലൊന്നാണ് കട്ടപ്പനയിലേത്.
തിരുവനന്തപുരം ബസും നിർത്തി
രണ്ട് തിരുവനന്തപുരം, ആനക്കട്ടി, ഷോളയൂർ, സുൽത്താൻ ബത്തേരി, ഗുരുവായൂർ തുടങ്ങിയ ദീർഘദൂര സർവീസുകളടക്കമാണ് ഒരുവർഷത്തിനിടെ നിർത്തിയത്. ഒരു പതിറ്റാണ്ടിലധികമായി രാത്രി 8.45 നും പുലർച്ചെ 1.30 നും സർവീസ് നടത്തിയിരുന്ന തിരുവനന്തപുരം, 5 വർഷത്തിലധികമായി രാത്രി 9ന് സർവീസ് നടത്തിയിരുന്ന ഗുരുവായൂർ എന്നീ ബസുകളെ യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്നതാണ്. കട്ടപ്പന, ചെറുതോണി, തൊടുപുഴ, പാല, കോട്ടയം, കൊട്ടാരക്കര, കിളിമാനൂർ വഴി പോകുന്ന തിരുവനന്തപുരം ബസ് ഒരു ദിവസവും മുടക്കമില്ലാതെ സർവ്വീസ് നടത്തുന്ന ബസ് എന്ന ഖ്യാതി നേടി യാത്രക്കാർക്ക്ഏറെ പ്രിയങ്കരമായിരുന്നു. അതുകൊണ്ട്തന്നെ മികച്ച വരുമാനമുള്ള സർവ്വീസായി മാറുകയും ചെയ്തിരുന്നു. തിരുവനന്തപുരം ബസ് നിർത്തിയത് വ്യാപക പ്രതിഷേധത്തിനിടവരുത്തിയെങ്കിലും പുനരാരംഭിച്ചില്ല. സർവീസ് അവസാനിപ്പിച്ച മറ്റ് ദീർഘദൂര ബസുകളും ഭേദപ്പെട്ട വരുമാനം ലഭിച്ചിരുന്നവയാണ്.
മഹാപ്രളയത്തിൽ ഉരുൾപൊട്ടി പൂർണമായി തകർന്ന ഡിപ്പോ വെള്ളയാംകുടിയിലെ അതേസ്ഥലത്ത് രണ്ടര വർഷത്തിനുള്ളിൽ പുനർനിർമിച്ച് പ്രവർത്തനമാരംഭിച്ചിരുന്നു. ഫെബ്രുവരി 20നാണ് വർക്ക്‌ഷോപ്പ്ഗാരേജിന്റെയും ഓഫീസ് കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നടത്തിയത്. റോഷി അഗസ്റ്റിൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 50 ലക്ഷവും മുൻ എം.പി. ജോയ്‌സ് ജോർജിന്റെ ഫണ്ടിൽ നിന്നു 25 ലക്ഷവും പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നു 25 ലക്ഷവും ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. കൂടാതെ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 5 കോടി രൂപ ഡിപ്പോയുടെ നവീകരണത്തിനായി അനുവദിച്ചിട്ടുണ്ട്. ഡിപ്പോയുടെ പ്രവർത്തനം പഴയപടി പുനരാരംഭിച്ചിട്ടും ജീവനക്കാരുടെ അഭാവം തിരിച്ചടിയാകുന്നു.