anil

കോട്ടയം : പ്രചാരണത്തിന് ശക്തികൂടിയതോടെ റബറിന്റെ സ്വഭാവമാണ് ജില്ലയിലെ മണ്ഡലങ്ങൾക്കിപ്പോൾ. വലിക്കുമ്പോൾ തങ്ങൾക്കൊപ്പമെന്ന് എല്ലാവർക്കും തോന്നും. പക്ഷെ ഒന്നു വിട്ടാൽ പൂർവസ്ഥിതിയാകും. അതുകൊണ്ട് ഒട്ടും കുറയാത്ത പ്രചാരണത്തിലൂടെ മണ്ഡലങ്ങളെ വലിച്ചു നിറുത്താൻ പെടാപ്പാടുപെടുകയാണ് മുന്നണികൾ. ഒമ്പതിൽ ആറും അടിച്ചെടുത്ത് എൽ.ഡി.എഫിനെ കഴിഞ്ഞ തവണ തറപറ്റിച്ചെങ്കിൽ കാര്യം അത്രനിസാരമല്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പോടെ യു.ഡി.എഫിന് മനസിലായി. ഒരു മന്ത്രി പോലുമില്ലാത്ത ജില്ലയിൽ നിന്ന് ചരിത്രവിജയം നേടാൻ ജോസ് കെ.മാണിയുടെ സഹായമാണ് ഇടതുപക്ഷം തേടിയത്. ശബരിമല, കേരള കോൺഗ്രസ്, കാർഷികോത്പന്ന വിലയിടിവ് തുടങ്ങി തൊട്ടതെല്ലാം പ്രചാരണ വിഷയങ്ങളാണ്. ഒറ്റയ്ക്ക് നിന്ന് എതിരിടാൻ ഏറ്റുമാനൂരിൽ ലതികാസുഭാഷും, പൂഞ്ഞാറിൽ പി.സി.ജോർജും പതിനെട്ടടവും പയറ്റുകയാണ്. തിരഞ്ഞെടുപ്പിന് ഒരാഴ്ചകൂടി ശേഷിക്കുമ്പോൾ വീണു കിട്ടിയ ഞായറിൽ പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു മുന്നണികൾ. വീടുകയറിയും വാഹന പ്രചരണത്തിലൂടെയും വെയിലും ചൂടും വകവയ്ക്കാതെയുള്ള പ്രചരണം. ഓരോ വോട്ടും വിലപ്പെട്ടതായതിനാൽ നഷ്ടപ്പെടുത്താൻ മനസില്ല.

ഉറപ്പില്ലൊരിടത്തും
കോട്ടയവും പുതുപ്പള്ളിയും യു.ഡി.എഫും ഏറ്റുമാനൂരും വൈക്കവും എൽ.ഡി.എഫും ഉറപ്പിച്ച് പറയുന്നു. ഇവയെല്ലാം സിറ്റിംഗ് മണ്ഡലങ്ങളാണ്. ഇതിനപ്പുറം നൂറുശതമാനം ഉറപ്പ് പറയാൻ ഒരു മുന്നണിയ്ക്കും കഴിയുന്നില്ല. അതാണ് കോട്ടയത്തെ പുതിയ രാഷ്ട്രീയം. കടുത്തുരുത്തി, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങൾ കാലങ്ങളായി കേരള കോൺഗ്രസ് കൈവശം വച്ചിരുന്നവയാണ്. ജോസിന്റെ മുന്നണി മാറ്റത്തോടെ ഈ മണ്ഡലങ്ങളിലെ യു.ഡി.എഫ് കുത്തക അവസാനിക്കുമോയെന്നതാണ് കൗതുകം.

 ഭാരംകുറഞ്ഞു, തളർന്നു

കുറ‌ഞ്ഞ ദിവസത്തിനുള്ളിൽ മുഴുവൻ പ്രദേശങ്ങളും കവർ ചെയ്യേണ്ടതിനാൽ ഓട്ടത്തിൽ സ്ഥാനാർത്ഥികൾക്ക് മറ്റൊരു ഗുണംകൂടിയുണ്ട്. പലരുടെയും ഭാരം പത്ത് കിലോയ്ക്ക് മുകളിൽ കുറഞ്ഞു. ജില്ലയിലെ ഏറ്റവും വലിയ മണ്ഡലമായ പൂഞ്ഞാറിൽ വൈകിയെത്തിയ ടോമി കല്ലാനി ഊണും ഉറക്കവും ഉപേക്ഷിച്ച് വോട്ടിനായി ഓടാൻ തുടങ്ങിയപ്പോൾ പന്ത്രണ്ട് കിലോ ഭാരമാണ് കുറഞ്ഞത്. സമാന അനുഭവമാണ് ജില്ലയിലെ മറ്റ് സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും പ്രവർത്തകർക്കും പറയാനുള്ളത്. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ റോഡ് ഷോയ്ക്ക് ശേഷം വെയിൽ കൊണ്ട് തളർന്ന പുതുപ്പള്ളിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരി ആശുപത്രിയിൽ അഡ്മിറ്റായി. പൂർണ വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതിനാൽ ഉച്ചയ്ക്ക് ശേഷമുള്ള പരിപാടികൾ റദ്ദ് ചെയ്തു.