അടിമാലി: ഹൈറേഞ്ചിൽ കശുവണ്ടിയുടെ വിളവെടുപ്പാരംഭിച്ചു.ഹൈറേഞ്ചിലെ ചെറിയൊരു വിഭാഗം കർഷകരുടെ പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണ് കശുവണ്ടി. മാർച്ച് മുതൽ ആരംഭിക്കുന്ന കശുവണ്ടി വിളവെടുപ്പ് ജൂൺമാസം വരെ നീളും.കശുവണ്ടികൾ മൂപ്പെത്തി വിളവെടുപ്പിന് പാകമായി വരുന്നത് കർഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.ഇതര കൃഷികളെ അപേക്ഷിച്ച് വലിയ ചിലവില്ലാതെ ലഭിക്കുന്ന വരുമാനമെന്നതാണ് കശുവണ്ടികൃഷിയോട് ഹൈറേഞ്ചിലെ കർഷകർക്കുള്ള താൽപര്യം.90 രൂപയാണ് നിലവിൽ കർഷകർക്ക് ലഭിക്കുന്ന വിപണി വില.കഴിഞ്ഞ വർഷം വിളവെടുപ്പിന്റെ തുടക്കകാലത്ത് ഒരൽപ്പം കൂടി മെച്ചപ്പെട്ട വില ലഭിച്ചിരുന്നുപോയ ചിലവർഷങ്ങളിൽ കശുവണ്ടിയുടെ വില 170 രൂപയിൽ വരെ എത്തിയിട്ടുണ്ട്.ഇപ്പോൾ ലഭിച്ച വേനൽമഴ ഗുണപ്രദമെങ്കിലും അന്തരീക്ഷം മേഘാവൃതമായി തുടർന്നാൽ വരും മാസങ്ങളിൽ കശുവണ്ടിയുടെ ഉത്പാദനത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നും കർഷകർ പറഞ്ഞു.