football

അടിമാലി: മൂന്നാറിൽ മുൻഫുട്‌ബോൾ താരം ഐ എം വിജയൻ ഒരിക്കൽ കൂടി കാൽപന്ത് കളിക്കായി ജേഴ്‌സി അണിഞ്ഞ് പന്ത് തട്ടി.ഒരു കാലത്ത് ഗാലറികളെ ത്രസിപ്പിച്ചിരുന്ന ആ പഴയ ഫുട്‌ബോൾ കളിക്കാരന്റെ കളി നേരിട്ടുകാണാൻ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന നിരവധിപേർ മൂന്നാർ കെഡിഎച്ച്പി ഗ്രൗണ്ടിലെത്തിയിരുന്നു.ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു മൂന്നാറിൽ സൗഹൃദഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചത്.ഐ എം വിജയൻ നയിച്ച പൊലീസ് ടീമും കണ്ണൻദേവൻ ഹിൽ പ്ലാന്റേഷൻസ് ടീമും മത്സരത്തിൽ ഏറ്റുമുട്ടി.ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കണ്ണൻദേവൻ ഹിൽ പ്ലാന്റേഷൻസ് ടീം വിജയിച്ചു.ജില്ലാ കളക്ടർ എച്ച് ദിനേശൻ, സബ് കളക്ടർ പ്രേം കൃഷ്ണൻ,അസി. കളക്ടർ സൂരജ് ഷാജി വിവിധ ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ മത്സരം കാണാൻ മൂന്നാറിൽ എത്തിയിരുന്നു.സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും പൊതുജനങ്ങളിലേക്ക് കൂടുതലായി എത്തിക്കാൻ ലക്ഷ്യമിട്ടാണ് വോട്ടർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.